പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഐക്യത്തോടെ മുന്നോട്ട് പോകും; രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി കെ. സുധാകരന്‍

ks

തിരുവനന്തപുരം: നിയുക്ത കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. ചെന്നിത്തലയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

സംഘടനാ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഐക്യത്തോടെ മുന്നോട്ട് പോകാനാകുമെന്നും, എല്ലാവിധ പിന്തുണയും രമേശ് ചെന്നിത്തല ഉറപ്പ് നല്‍കിയതായും കൂടിക്കാഴ്ചയ്ക്ക് ശേഷം കെ.സുധാകരന്‍ പ്രതികരിച്ചു. സുധാകരന് ആശംസകള്‍ നേര്‍ന്ന ചെന്നിത്തല കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.

സംഘടനാ രംഗത്ത് രാഷ്ട്രീയമായി ചില പ്രശ്‌നങ്ങൾ ഉണ്ട്. അതൊക്കെ പരിഹരിച്ചു ഐക്യത്തോടെ മുന്നോട്ട് പോകും. അതിനുള്ള ചുറ്റുപാട് ഉരുത്തിരിയുന്നുണ്ട്. യോജിച്ചു മുന്നോട്ട് പോകാൻ സഹായിക്കണം എന്നാവശ്യപ്പെടാൻ  ആണ് രമേശ് ചെന്നിത്തലയെ സന്ദർശിച്ചത്. രമേശ്  ചെന്നിത്തലയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയുമൊക്കെ സംഭാവന വളരെ വലുതാണ്. ചെന്നിത്തലയുടെ വലിയ മനസ്സിന് നന്ദി പറയുന്നു. പാർട്ടിയുടെ താങ്ങും തണലും ആയി നേതാക്കൾ ഉണ്ടാകണമെന്നും സുധാകരൻ പറഞ്ഞു.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഒരു പേരും താൻ പറഞ്ഞിരുന്നില്ല എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാൻഡ് സുധാകരന്റെ പേര് പ്രഖ്യാപിച്ചപ്പോൾ ഒരേ മനസ്സോടെ അംഗീകരിക്കുകയാണ് ചെയ്തത്. കോൺ​ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.