സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതിമണ്ഡപ ഉദ്ഘാടനത്തിന് രാഹുല്‍ ഗാന്ധി എത്തിയില്ല; മാപ്പുപറഞ്ഞ് കെ സുധാകരന്‍

സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതിമണ്ഡപ ഉദ്ഘാടനത്തിന് രാഹുല്‍ ഗാന്ധി എത്തിയില്ല; മാപ്പുപറഞ്ഞ് കെ സുധാകരന്‍
 

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ പ്രതിഷേധം. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്യാനെത്താത്തിലാണ് പ്രതിഷേധം. അന്തരിച്ച പത്മശ്രീ ഗോപിനാഥന്‍ നായരുടേയും കെ.ഇ. മാമന്റേയും ബന്ധുക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരുമുള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ കാത്തിരുന്നിട്ടും രാഹുല്‍ ഗാന്ധി പരിപാടിക്ക് എത്തിയില്ല. സംഘാടകരോട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മാപ്പ് പറഞ്ഞു.
 

ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തിലേക്ക് പ്രവേശിച്ചത്. രാഹുല്‍ നെയ്യാറ്റിന്‍കരയിലെത്തുമ്പോള്‍ ഗാന്ധിയന്മാരുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഉദ്ഘാടനത്തിന് രാഹുല്‍ ഗാന്ധി എത്താത്തതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്.
 
ഇത്തരം നടപടികൾ പാർട്ടിയുടെ വിശ്വാസ്യത തകർക്കുമെന്ന് ശശി തരൂർ കെ.പി.സി.സി അധ്യക്ഷനടക്കമുള്ളവരോട് പറയുന്നത് ദ്യശ്യങ്ങളിൽ കാണാം. ഇതിനിടയിൽ സംഘാടകരോട് കെ സുധാകരൻ ക്ഷമിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. വരില്ലെന്ന തീരുമാനം രാഹുലിൻ്റേതാണോ കെ.സിയുടേതാണോയെന്നും തരൂർ ചോദിക്കുന്നുണ്ട്.

വി. മുരളീധരൻ എം.പി, എം.എം ഹസന്‍, വി.എസ് ശിവകുമാര്‍, പാലോട് രവി തുടങ്ങിയ നേതാക്കളും പരിപാടിക്ക് എത്തിയിരുന്നു. ഗോപിനാഥൻ നായരുടെ പത്നിയും കെ.ഇ മാമൻ്റ അനന്തിരവനും രാഹുലിനായി കാത്തുനിന്നു. അതേസമയം, മറ്റ് പരിപാടികൾ വൈകിയതിനാലാണ് ഈ പരിപാടി രാഹുൽ ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

സംഭവത്തിനെതിരെ ബി.ജെ.പി. രംഗത്ത് വരികയും ചെയ്തു. സ്വാതന്ത്ര്യ സമര സേനാനികളേയും രാഷ്ട്രത്തേയും മറക്കുന്നതാണോ ഭാരത് ജോഡോ യാത്രയെന്നും ബി.ജെ.പി. ചോദിച്ചു.