കോൺഗ്രസിൽനിന്ന് പുറത്താക്കിയ പി എസ് പ്രശാന്ത് സിപിഎമ്മിൽ ചേർന്നു

prashanth ps
തിരുവനന്തപുരം: നേതൃത്വത്തെ വിമർശിച്ചതിന് കോൺഗ്രസിൽനിന്ന് പുറത്താക്കിയ പി എസ് പ്രശാന്ത് സിപിഎമ്മിൽ ചേർന്നു. സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവനോടൊപ്പം എകെജി സെൻററിലെത്തിയാണ് അദ്ദേഹം സിപിഎമ്മിൽ ചേർന്നത്. വിജയരാഘവൻ നടത്തിയ വാർത്താ സമ്മേളനത്തിൽ പി എസ് പ്രശാന്ത് പങ്കെടുത്തു. കോൺഗ്രസ് അച്ചടക്കമില്ലാത്ത ദുർബലമായ പ്രസ്ഥാനമായി കോൺഗ്രസ് മാറിയെന്ന് അദ്ദേഹം പറഞ്ഞു. 

നെടുമങ്ങാട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു പി.എസ് പ്രശാന്ത്. തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ അന്വേഷിക്കുന്ന സമിതിയുടെ റിപ്പോർട്ട് ലഭിക്കും മുമ്പ് ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്ന് പ്രശാന്ത് ആരോപണം ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. വിമർശനത്തെ തുടർന്ന് പ്രശാന്തിനെ ആറു മാസത്തേക്ക് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. 

പിന്നീട്, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനും തിരുവനന്തപുരം ഡിസിസി പ്രസിഡൻറ് പാലോട് രവിക്കുമെതിരെ രൂക്ഷവിമർശനമുന്നയിച്ച് പ്രശാന്ത് വീണ്ടും രംഗത്തെത്തി. ഇതോടെയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രശാന്തിനെ പുറത്താക്കിയത്.