മന്ത്രിമാർക്ക് പുതിയ വാഹനം; നാല് ഇന്നോവ ക്രിസ്റ്റ വാങ്ങുന്നതിന് 1.30 കോടി അനുവദിച്ചു

purchase of four Innova Crystas for ministers
 

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാർക്ക് പുതിയ വാഹനം വാങ്ങുന്നതിനായി 1.30 കോടി അനുവദിച്ചു. മന്ത്രിമാരായ ജി.ആർ.അനിൽ, വി.എൻ.വാസവൻ, വി.അബ്ദുറഹിമാൻ, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എന്നിവർക്കാണ് പുതിയ വാഹനങ്ങൾ വാങ്ങുന്നത്. ഇന്നോവ ക്രിസ്റ്റയാണ് ഇവർക്കായി വാങ്ങുന്നത്.


നാല് ഇന്നോവ ക്രിസ്റ്റ വാങ്ങുന്നതിന് 1.30 കോടി അനുവദിച്ചു. ടൂറിസം വകുപ്പിൽ നിന്ന് ഈ മാസം 10 ന് ആണ് ഉത്തരവിറങ്ങിയത്. അതേസമയം, സർക്കാർ ഓഫീസുകളിൽ പുതിയ വാഹനങ്ങൾ വാങ്ങുന്നതിനുള്ള നിയന്ത്രണം നീട്ടി. ഈ മാസം 9നായിരുന്നു ഉത്തരവ്.
  
മുഖ്യമന്ത്രിയുടെ യാത്രക്കായി മുമ്പ് കിയാ കാർണിവൽ വാങ്ങിയിരുന്നു. വാഹനത്തിന് 33,31,000 രൂപ വിലവരും. കറുത്ത നിറത്തിലെ കിയ കാർണിവൽ 8എടി ലിമോസിൻ പ്ലസ് 7 സീറ്റർ ആണ്. വാഹനം വാങ്ങാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി ടി.കെ.ജോസ് ഉത്തരവിറക്കുകയായിരുന്നു.

  
മുഖ്യമന്ത്രിക്കായി വാങ്ങാനുദ്ദേശിച്ച ടാറ്റാ ഹാരിയറിന് പകരം പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള കിയാ കാർണിവൽ വാങ്ങുന്നതാണ് അഭികാമ്യമെന്ന് പൊലീസ് മേധാവി അനിൽകാന്ത് ശുപാർശ ചെയ്തിരുന്നു. ഇത് അംഗീകരിച്ച് മുഖ്യമന്ത്രിയുടെ എസ്‌കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി കറുത്ത നിറത്തിലെ മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ഒരു കിയാ കാർണിവലും ഉൾപ്പെടെ നാല് വാഹനങ്ങൾ 88,69,841 രൂപയ്ക്ക് വാങ്ങാൻ ഡി.ജി.പി അനുമതി തേടുകയായിരുന്നു. ഡി.ജി.പിയുടെ ശിപാർശ വിശദമായി പരിശോധിച്ച സർക്കാർ വാഹനങ്ങൾ വാങ്ങാൻ പുതുക്കിയ അനുമതി നൽകി.