മാർക്ക്‌ ജിഹാദിൽ കേന്ദ്രത്തെ പ്രതിഷേധമറിയിച്ച് കേരളം;വർഗീയ ചെരിതിരിവെന്ന് ആർ ബിന്ദു

R bindu

 തിരുവനന്തപുരം: ദില്ലി സർവകലാശാല അധ്യാപകന്റെ മാർക്ക് ജിഹാദ് (mark jihad) പരാമർശത്തില്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ച് കേരളം. മാർക്ക് ജിഹാദ് പരാമർശം നടത്തിയ ദില്ലി സർവകലാശാല അധ്യാപകൻ രാകേഷ് കുമാർ പാണ്ഡെക്കെതിരെ നടപടി എടുക്കാൻ  ഇടപെടണം എന്നാവശ്യപ്പെട്ട് കേരളം കേന്ദ്ര സർക്കാരിന് കത്തയച്ചു. കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് കേരളം കത്തയച്ചത്. കേരളത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കുക ലക്ഷ്യമിട്ടാണ് അത്തരം പരാമർശം നടത്തിയതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു.കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം കിട്ടുന്നതിന് പിന്നിൽ മാർക്ക് ജിഹാദാണെന്ന, ദില്ലി സർവ്വകലാശാല അധ്യാപകന്റെ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ദില്ലി സർവകലാശാലയിലെ ബിരുദ പ്രവേശനം തുടങ്ങിയത്. ഹിന്ദു, രാംജാസ്, മിറാണ്ട, എസ്ആർസിസി തുടങ്ങി പ്രധാന കോളേജുകളിലെ ആദ്യ പട്ടികയിൽ ഇടംനേടിയതിൽ കൂടുതലും മലയാളി വിദ്യാർത്ഥികളായിരുന്നു.  ഇതിന് പിന്നാലെ ആണ് കേരളത്തിലെ വിദ്യാർത്ഥികൾക്ക് ദില്ലി സർവകലാശാലയിൽ പ്രവേശനം കിട്ടുന്നതിന് പിന്നിൽ മാർക്ക് ജിഹാദ് ആണെന്ന് അധ്യാപകൻ ആരോപിച്ചത്.

കിരോഡി മാൽ കോളേജിലെ ഫിസിക്സ് വിഭാഗം അസോസിയേറ്റ് പ്രഫസർ രാകേഷ് പാണ്ഡെ ആണ് വിവാദ പ്രസ്താവന നടത്തിയത്. ആർഎസ്എസ് ബന്ധമുള്ള അദ്ധ്യപകസംഘടനയുടെ മുൻ പ്രസിഡന്‍റാണ് പാണ്ഡെ. ദില്ലിയിൽ വന്നു പഠിക്കാനായി കേരളത്തിലുള്ളവർക്ക് പ്രത്യേക ഫണ്ട് കിട്ടുന്നുണ്ട് എന്നും രാകേഷ് പാണ്ഡെ ആരോപിച്ചു.അതേസമയം, മാർക്ക് ജിഹാദ് വിവാദത്തിൽ അധ്യാപകനായ രാകേഷ് പാണ്ഡെയെ അധ്യാപക സംഘടന തള്ളി. മുൻ പ്രസിഡന്‍റായ അധ്യാപകൻ്റെ പ്രസ്താവനയുമായി യാതൊരു ബന്ധവുമില്ലെന്ന് ആർഎസ്എസ് ബന്ധമുള്ള അധ്യാപക സംഘടനയായ നാഷണൽ ഡെമേക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട് വ്യക്തമാക്കി. ദില്ലി സർവകലാശാലയിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് തുല്യ അവസരമാണ്. മെറിറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശനത്തിന് അനുകൂലമാണ് എന്നും സംഘടന വ്യക്തമാക്കി.