രാധാകൃഷ്നെ ദേവസ്വം മന്ത്രിയാക്കി ഒതുക്കുകയായിരുന്നു; ദലിതർ ചാടുന്നത് എന്തു കണ്ടിട്ടെന്ന് ഇന്ത്യൻ ദലിത് മുന്നേറ്റ സമിതി

kr

തിരുവനന്തപുരം: കേരള ചരിത്രത്തിൽ ആദ്യമായി ഒരു ദളിതനെ ദേവസ്വം മന്ത്രിയാക്കിയെന്ന ഇടതു പണ്ഡിതരുടെ പ്രസ്താവനകളെ വിമര്‍ശിച്ച് ഇന്ത്യൻ ദലിത് മുന്നേറ്റ സമിതി സംസ്ഥാന കമ്മിറ്റി. സിപിഎം നൽകിയ ദേവസ്വം മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള അവരുടെ അവരുടെ പിആർ വേലകളിൽ മയങ്ങിവീണ്, വായും പിളർന്നിരിക്കുന്ന ദലിതൻ സ്വന്തം ഭാവി തലമുറയെ വീണ്ടും ജാതിയിൽ മുക്കിപ്പൊരിക്കാൻ സിപിഎമ്മിനു വിട്ടുകൊടുക്കുകയാണെന്ന് ഇന്ത്യൻ ദലിത് മുന്നേറ്റ സമിതി  പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു. 


ഇന്ത്യൻ ദലിത് മുന്നേറ്റ സമിതി സംസ്ഥാന കമ്മിറ്റിയുടെ കുറിപ്പ്

രാധാകൃഷ്നെ ദേവസ്വം മന്ത്രിയാക്കി ഒതുക്കുകയായിരുന്നു.

ദലിതർ ചാടുന്നത് എന്തു കണ്ടിട്ട്?

സിപിഎം ദലിതരോട് എന്നെങ്കിലും നീതി കാണിച്ചിട്ടുണ്ടോ?

കേരള ചരിത്രത്തിൽ ആദ്യമായി ഒരു ദളിതനെ ദേവസ്വം മന്ത്രിയാക്കിയെന്ന വിളംബരഗാനമാണ് നമുക്കു ചുറ്റും ഇപ്പോഴുള്ളത്.  ദേവസ്വം മന്ത്രിയായി കെ.രാധാകൃഷ്ണനെ നിയമിച്ചതു ചരിത്രപരമായ തീരുമാനമെന്ന് ഇടതു പണ്ഡിതർ തള്ളിമറിക്കുകയാണിപ്പോൾ. ജനസമ്മിതി വില കൊടുത്തു വാങ്ങാനാകുമെന്ന് തെളിയിക്കപ്പെട്ട കാലമാണിത്. നുണകൾ കേട്ടുകേട്ട് സത്യം കൺമുന്നിൽ ഉണ്ടെങ്കിലും കാണാതെ പോകുന്ന കാലം.

നമ്മൾ നമ്മുടെ ചരിത്രം പോലും മറന്നുപോകും. എന്തെങ്കിലും കേട്ടാൽ ഓർമകളിലേക്കു മടങ്ങിപ്പോകാതിരിക്കുകയും നിങ്ങൾ പറയുന്നതു ശരിയല്ലല്ലോയെന്നു പറയാൻ മറന്നുപോകുകയും  ചെയ്യുന്ന കാലം. സാമൂഹിക മാധ്യമങ്ങൾ അത്രമേൽ സ്വാധീനിച്ചു നശിപ്പിച്ചിരിക്കുകയാണു നമ്മളെ. എതിരായ ചിന്തയേയില്ല. ആരെങ്കിലും  നിർമിച്ചുവിടുന്നതിനെ വിഴുങ്ങുകയും അതു ദഹിക്കാതെ മറ്റുള്ളവർക്കു മുന്നിൽ ഛർദിച്ചു വയ്ക്കുകയും അവർ അത് തിന്നുകയും വൈകാതെ അവരും മറ്റുള്ളവർക്കു മുന്നിൽ ഛർദിച്ചുവയ്ക്കുകയും..
ഇങ്ങനെ ആരുടെയോ ഛർദി തിന്ന് കഴിയുന്നവരാണ് ഇന്ന് സമൂഹത്തിൽ നല്ലൊരു വിഭാഗവും.

∙രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നീ ക്യാബിനറ്റ് റാങ്കുകളിലെ സമുദായം തിരിച്ചുള്ള കണക്കാണിത്.

Ezhava: 05
Nair: 10
SC: 02
Christian: 04
Muslim: 03

1) Pinarayi Vijayan (ezhava)CPM
2) V.N.Vasavan (ezhava)CPM
3) J.Chinchurani (ezhava) CPI
4) K.Saseendran (ezhava) NCP
5) K.Krishnankutty (ezhava) JDS
6) M.V.Govindan (Nair) CPM
7) P.Rajeev (Nair) CPM
? K.N.Balagopal (Nair) CPM
9) V.Sivankutty (Nair) CPM
10) R.Bindu (Nair) CPM 
11) K.Rajan (Nair) CPI
12) P.Prasad (Nair) CPI
13) G.R.Anil (Nair) CPI
14) K.Radhakrishnan (SC) CPM
15) Saji Cheriyan(C) CPM
16) Veena George (C) CPM
17) Roshy Augustin (C) KK(M)
18) Antony Raju (C) KK(S)
19) Mohemmed Riyas (M) CPM
20) V Abdurehman (M) CPM
21) Ahemmed Devarkovil (M) INL

Speaker/Dy Speaker/Chief whip
22) M.B.Rajesh (Nair) CPM
23) Chittayam Gopakumar(SC)CPI
24) N.Jayaraj (Nair) KK(M)

കേരളത്തിന്റെ ജനസംഖ്യയിൽ 12 ശതമാനമുള്ള നായർ സമുദായത്തിന് മന്ത്രിസഭയിൽ 8 അംഗങ്ങൾ. നിയമസഭ സ്പീക്കറും ചീഫ് വിപ്പും നായന്മാർ. അങ്ങനെ 10 ക്യാബിനറ്റ് പദവികൾ.
ഇരുപത്തി അഞ്ച് ശതമാനത്തിലധികമുള്ള ദലിത് വിഭാഗത്തിൽ നിന്ന് മന്ത്രിസഭയിൽ ഒരാൾ, നിയമസഭയിൽ ഒരാൾ!
സിപിഐ എംഎൽഎയും ദളിത് വിഭാഗക്കാരനുമായ ചിറ്റയം ഗോപകുമാർ രണ്ടാം തവണ ജയിച്ചപ്പോൾ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഒതുക്കപ്പെട്ടു. ആദ്യമായി എംഎൽഎ ആയ നായർ സമുദായാംഗങ്ങളായ പി.പ്രസാദും ജി.ആർ.അനിലും മന്ത്രിമാർ! രണ്ടാം തവണ ജയിച്ച നായർ സമുദായാംഗമായ കെ.രാജൻ മന്ത്രിസഭയിൽ രണ്ടാം സ്ഥാനത്ത് റവന്യൂ മന്ത്രിയായി ചുമതലയേറ്റു. അപ്പോൾ ദലിത ചിറ്റയത്തിനെ ഡെപ്യൂട്ടി സ്പീക്കറാക്കി അപമാനിക്കുകയായിരുന്നില്ലേ?
പിണറായി മന്ത്രിസഭ വിപ്ലവകരമായ തീരുമാനം എടുത്തെന്നു പറഞ്ഞ് തുള്ളിമറിയുന്ന ദലിതരുണ്ട്. സത്യം മനസ്സിലാക്കാതെ ചാടുരുതേ മണ്ണിന്റെ മക്കളേ....ഇടതു മുന്നേറ്റത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പൂർവികരുടെ മക്കളേ.....

ഇനി കെ.രാധാകൃഷ്ണൻ കാര്യം എടുക്കാം. സിപിഎമ്മിന്റെ പോഷക സംഘടനയായ പട്ടികജാതി ക്ഷേമസമിതി (PKS) എന്ന ജാതി സംഘടനയുടെ സംസ്ഥാന സമിതിയുടെ സംസ്ഥാന പ്രസിഡന്റായും ദളിത് ശോഷൻ മുക്തിമഞ്ച് ദേശീയ പ്രസിഡന്റായും പ്രവർത്തിച്ചയാളാണ് രാധാകൃഷ്ണൻ. പോഷക സംഘടനയായ ജാതി സംഘടനയുടെ അക്കൗണ്ടിൽ സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ആളാണ്.
എല്ലാ വിഭാഗം ജനങ്ങൾക്കും ഏറെ താൽപര്യമുള്ള, മാന്യനായ രാധാകൃഷ്ണനെ ജനറൽ സീറ്റിൽ മത്സരിപ്പിക്കാൻ ഇതുവരെ സിപിഎം തയാറായിട്ടില്ല.  ജാത്യാനുകൂല്യത്തിന്റെ പേരിലല്ലാതെ പാർട്ടി ഭാരവാഹിയോ മന്ത്രിയോ ആകാൻ ഈ നന്മയുള്ള കമ്മ്യൂണിസ്റ്റുകാരന് ഭാഗ്യം ഉണ്ടായിട്ടില്ല.
ചരിത്രത്തിൽ ആദ്യമായി ഒരു ദലിതനെ ദേവസ്വം വകുപ്പ് മന്ത്രിയാക്കി എന്നൊക്കെ പിആർ വർക്ക് നടത്തി ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുകയാണിപ്പോൾ. ഓർമശക്തി നശിക്കാത്ത കുറച്ചു പേരെങ്കിലും ജീവിച്ചിരിക്കുന്ന നാടിനെ ഒന്നാകെ പറ്റിക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ് സർക്കാരുകൾ ദേവസ്വം വകുപ്പിന്റെ ചുമതലയേൽപ്പിച്ച ദലിതരായ കെ.കെ.ബാലകൃഷ്ണനെയും വെള്ള ഈച്ചരനെയും ദാമോദരൻ കാളാശ്ശേരിയെയുമൊക്കെ മറ്റുള്ളവർ തമസ്കരിച്ചാലും ദളിതർ വിസ്മരിക്കരുത്. അപ്പോൾ പറയും ബാലകൃഷ്ണനും ഈച്ചരനം കാളശേരിയുമൊക്കെ മന്ത്രിയായിരുന്നപ്പോൾ ദേവസ്വം പ്രത്യേക വകുപ്പായിരുന്നില്ലെന്ന്. എന്തൊക്കെ ന്യായീകരണങ്ങൾ. നിയമസഭ രേഖകൾ പരിശോധിക്കുന്ന, ചരിത്രബോധമുള്ളവർക്ക് ഇതിലെ കള്ളത്തരങ്ങൾ നന്നായി മനസ്സിലാകും.
 കെ. രാധാകൃഷ്ണന്റെ കാര്യമെടുക്കാം. ദേവസ്വം കൊടുത്തത് നവോത്ഥാനമാണത്രെ. അദ്ദേഹത്തിനു കൂടെ കൊടുത്തത് പട്ടികവിഭാഗ ക്ഷേമ വകുപ്പും. ഒന്നാം പിണറായി സർക്കാരിൽ ദലിതനായ,  സിപിഎമ്മിന്റെ സീനിയർ നേതാവ് എ.കെ.ബാലന് കൊടുത്ത വകുപ്പുകൾ നിയമവും പട്ടികക്വിഭാഗ ക്ഷേമ വകുപ്പും. മറ്റു ജാതിക്കാർക്ക് മുന്തിയ വകുപ്പുകൾ.
 ഈ മന്ത്രിസഭയിൽ ഏറ്റവും അനുഭവ പരിചയമുള്ളയാളാണ് രാധാകൃഷ്ണൻ. എന്നിട്ടും കൊടുത്തത് അപ്രധാന വകുപ്പുകൾ. ആദ്യമായി മന്ത്രിയാകുന്ന മുഖ്യമന്ത്രിയുടെ മരുമകൻ മുഹമ്മദ് റിയാസിന് നൽകിയത് വലിയ വകുപ്പുകളായ പൊതുമരാമത്തും ടൂറിസവും. എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം കലഞ്ഞൂർ മധുവിന്റെ അനുജൻ കെ.എൻ.ബാലഗോപാലിന്  ധനവകുപ്പ് നൽകി. മറ്റൊരു പ്രമാണി നായരായ രാജീവിന് വ്യവസായം. എന്തിന് പി.ഗോവിന്ദപ്പിള്ളയുടെ മരുമകനും തിരുവനന്തപുരത്തെ വലിയ നായർ കുടുംബാംഗവുമായ വി.ശിവൻകുട്ടിക്ക് കൊടുത്തത് വലിയ വകുപ്പുകളായ വിദ്യാഭ്യാസവും തൊഴിലും.  

പാവം രാധാകൃഷ്ണന് ദേവസ്വം നൽകിയശേഷം വിപ്ലവം നടപ്പാക്കിയെന്ന് കൊട്ടിഘോഷിക്കുന്നു.  ഛർദി തിന്നുന്നവർ അത് ഏറ്റുവിളിക്കുന്നു. ദേവസ്വം വകുപ്പിൽ രാധാകൃഷ്ണന് ഒന്നും ചെയ്യാനില്ല. തിരുവിതാംകൂർ, കൊച്ചി, ഗുരുവായൂർ, മലബാർ ദേവസ്വങ്ങൾക്ക് ബോർഡുകൾ ഉണ്ട്. ബോർഡ് പ്രസിഡന്റും അംഗങ്ങളുമാണ് അവിടെ ഭരണം നടത്തുന്നത്. ഇവരുടെയൊക്കെ യോഗം വിളിക്കാനും വല്ല ഉപദേശങ്ങൾ നൽകാനും മാത്രമേ മന്ത്രിക്ക് അധികാരമുള്ളൂ. ദേവസ്വം വകുപ്പിന് മാത്രമായി ഐഎഎസുകാരനായ വകുപ്പ് സെക്രട്ടറിയില്ല. ഏതെങ്കിലും വകുപ്പിന്റെ സെക്രട്ടറിക്ക് ദേവസ്വം അധികച്ചുമതലയായിരിക്കും. വലിയ ജോലി ഇല്ലാത്തതുകൊണ്ടാണ് ഈ കെട്ടിയേൽപ്പിക്കൽ. ശബരിമല സ്ത്രീ പ്രവേശനം പോലുള്ള ഗൗരവമായ വിഷയങ്ങൾ വരുമ്പോൾ മാധ്യമങ്ങൾക്കു മുന്നിൽ മന്ത്രിക്ക് പ്രതികരണവുമായി വരാമെന്നല്ലാതെ ഒരു ചുക്കും ചെയ്യാനില്ല ആ വകുപ്പിൽ. രാധാകൃഷ്ണന് പിന്നെയുള്ളത് പട്ടികക്ഷേമ വകുപ്പ് മാത്രം.
നേരത്തേ പറഞ്ഞതുപോലെ ചരിത്രബോധമുള്ള ദലിതരും മനുഷ്യസ്നേഹികളും ഇനിയെങ്കിലും ഛർദി തീറ്റ അവസാനിപ്പിക്കണം. ദലിതന്റെ കൂരയിലാണ് കമ്മ്യൂണിസം വളർന്നതെന്ന് മറക്കരുത് നിങ്ങൾ. നമ്മളുടെ ചോരയാണ് കമ്മ്യൂണിസത്തിന്റെ വളമായത്. പിണറായി വിജയനോ മറ്റ് സിപിഎം നേതാക്കളോ ദലിതരുടെ അത്രയും ചോര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുവേണ്ടി ഒഴുക്കിയിട്ടില്ല. അവർക്ക് ഒരു തുള്ളിച്ചോര നഷ്ടമായിട്ടുണ്ടെങ്കിൽ അധികാരത്തിലിരുന്ന് സുഖത്തിന്റെയും സമ്പത്തിന്റെയും ഒരുപാടു കുടം ചോര അവർ നുകർന്നിട്ടുമുണ്ട്. പ്രസ്ഥാനത്തിനുവേണ്ടി ത്യാഗം സഹിച്ച ദളിതർക്ക് എന്തെങ്കിലും കിട്ടിയിട്ടുണ്ടോ? ലൈഫിന്റെ ഫ്ലാറ്റും കോവിഡിന്റെ കിറ്റുമാണ് ദളിതന് ഇപ്പോഴും കിട്ടുന്നത്. അതിലപ്പുറം  പാർട്ടിയിലോ ഭരണത്തിലോ ദളിത് അർഹമായത് എന്തെങ്കിലുമുണ്ടോ? പിബി അംഗമായി ഒരു ദലിതനെ കാണിച്ചുതരാമോ?

കേരളത്തിലെ സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറി പദത്തിലും സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി അംഗത്വങ്ങളിലും ജില്ലാ സെക്രട്ടറി പദത്തിലും എന്തിനേറെ ഏരിയ, ലോക്കൽ സെക്രട്ടറി സ്ഥാനങ്ങളിലും എത്ര ദലിതർ എത്തിയിട്ടുണ്ട്? മമ്മൂട്ടി, പ്രഭാവർമ, ആഷിക് അബു, ഗായിക സിത്താര, കെ.ആർ.മീര, ബെന്യാമിൻ.... ഇടതുപക്ഷം ചേർത്തുനിർത്തി ഉയർത്തിക്കാണിക്കുന്ന ധാരാളം സിനിമാക്കാരും എഴുത്തുകാരും ഗായകരുമൊക്കെയുണ്ട്. ദലിതരിൽ എഴുത്തുകാരില്ലേ? ഗായകരില്ലേ അവർ ഏതെങ്കിലും അക്കാദമിയുടെ തലപ്പത്ത് എത്തിയതായി ആർക്കെങ്കിലും അറിയാമോ? ദലിതനായ നടൻ വിനായകന് മികച്ച നടനുന്ന സംസ്ഥാന അവാർഡ് കൊടുക്കുമ്പോൾ അത് സമൂഹത്തിലെ താഴേത്തട്ടിലുള്ളവരോട് സിപിഎമ്മിന്റെ സഹതാപമായാണ് വരച്ചുകാണിക്കുന്നത്. അങ്ങനെയാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ അവാർഡ് നൽകുന്ന അക്കാദമികളിൽ, പുരസ്കാര നിർണയ സമിതികളിൽ എത്ര ദലിതലരുണ്ട്? അതായത് സിപിഎമ്മിന്റെ ഉന്നതസ്ഥാനങ്ങളിലുള്ള മറ്റു ജാതിക്കാർ ചേർന്നിരുന്ന് ദലിതന് ഭിക്ഷ നിശ്ചയിക്കുന്നതിനെയാണ് വിപ്ലവമായി കൊണ്ടാടുന്നത്. അത് കേട്ട് മുന്നുംപിന്നും ചിന്തിക്കാതെ പാവം ദലിതനും ചാടുകയാണപ്പോൾ.
നവോത്ഥാനം വിരിയിച്ച സിപിഎമ്മിന് ദലിതനെ ദേവസ്വം മന്ത്രിയാക്കാൻ ആറു പതിറ്റാണ്ട് വേണ്ടി വന്നെങ്കിൽ, അരനൂറ്റാണ്ടു മുമ്പുതന്നെ ഇത് കോൺഗ്രസ് നടപ്പാക്കിക്കാണിച്ചതാണെന്ന് പറയേണ്ടി വരുന്നത്. പട്ടികജാതിക്കാരെയും പട്ടികവർഗക്കാരെയും ഇൻഡ്യൻ പ്രസിഡന്റ് പദം മുതൽ മുഖ്യമന്ത്രി പദവി വരെ എത്തിച്ച കോൺഗ്രസിനെ നോക്കി നവോത്ഥാനം പറയുമ്പോൾ ഒരു പാട് ചരിത്രങ്ങൾ പറയേണ്ടി വരും. കെ.ആർ.നാരായണൻ എന്ന വിശ്വപൗരനെ കോൺഗ്രസ് രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കിയപ്പോൾ  വിതണ്ഡവാദങ്ങളുന്നയിച്ച് എതിർത്ത യോഗ്യന്മാരുടെ പട്ടികയിൽ ആദ്യമുള്ളവരെല്ലാം സിപിഎം നേതാക്കളാണ്.
അപ്പോഴും ഭൂരിപക്ഷം ദലിതരും സിപിഎമ്മിന്റെ കുഴലൂത്തുകാരായി നടക്കുകയായിരുന്നുവെന്നതാണ് വേദനിക്കുന്ന ചരിത്രം.
മരുമകന്റെയും സെക്രട്ടറിയുടെ ഭാര്യയുടെയും മന്ത്രി പദം ചർച്ച ചെയ്യാതിരിക്കാനും
തെക്കുംവടക്കും തിരിച്ചറിയാത്ത ചിലർക്കൊക്കെ മന്ത്രിപദവും സുപ്രധാന വകുപ്പുകളും കൊടുത്ത് മുഖ്യമന്ത്രിയുടെ അടുക്കള ക്യാബിനറ്റിലേക്ക് അധികാരം മുഴുവൻ കേന്ദ്രീകരിക്കപ്പെടുന്നതും ചർച്ച ചെയ്യപ്പെടാതിരിക്കണം. അതിനുവേണ്ടിയാണ് കെ.രാധാകൃഷ്ണനെ മനുഷ്യനായി പരിഗണിക്കാതെ, ദലിതതനായി ജാതിവേലിക്കെട്ടിൽ പൂട്ടിയിട്ട് ദേവസ്വം മന്ത്രിയാക്കിയെന്ന് പിആർ പരിപാടി നടത്തുന്നത്. ഇത് ജാത്യധിക്ഷേപം കൂടിയാണ്.
കോൺഗ്രസുകാരെ വാഴ്ത്തുകയാണെന്നു കരുതരുത്. പക്ഷേ, അവർ ദലിതന് അവസരം നൽകിയിട്ട് അതിന്റെ പേരിൽ ദളിത് സമൂഹത്തെയാകെ ജാതിയുടെ മാത്രം അതിരിലാക്കി സംസാരിച്ചിട്ടുമില്ല, പ്രവർത്തിച്ചിട്ടുമില്ല.
സിപിഎം നൽകിയ ദേവസ്വം മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള അവരുടെ അവരുടെ പിആർ വേലകളിൽ മയങ്ങിവീണ്, വായും പിളർന്നിരിക്കുന്ന ദലിതൻ സ്വന്തം ഭാവി തലമുറയെ വീണ്ടും ജാതിയിൽ മുക്കിപ്പൊരിക്കാൻ സിപിഎമ്മിനു വിട്ടുകൊടുക്കുകയാണ്. കമ്മ്യൂണിസത്തിൽ നിങ്ങൾക്ക് അടിമയുടെ സ്ഥാനമാണ് എപ്പോഴും. സംഘപരിവാറിൽ ഇരയുടേയും. കോൺഗ്രസിൽ തമ്മിൽത്തല്ലുണ്ട്, അധികാരപ്പോരാട്ടമുണ്ട്. എല്ലാത്തിനുമുപരി സ്വാതന്ത്യമുണ്ട്. എല്ലാ ജാതിക്കും സ്പേസുണ്ട്. ബഹുമാനമുണ്ട്. അതിനാൽ നിങ്ങൾ അതിലേക്ക് പോകണമെന്ന് നിർബന്ധിക്കുന്നില്ല. പക്ഷേ, ഇനിയെങ്കിലും സോഷ്യലിസത്തിലേക്ക് നിങ്ങൾ മാറിനിൽക്കുക, അൽപമെങ്കിലും സൂര്യവെളിച്ചും ശരീരത്തിൽ നേരിട്ടു പതിക്കട്ടെ.

ഇന്ത്യൻ ദലിത് മുന്നേറ്റ സമിതി
സംസ്ഥാന കമ്മിറ്റി