ദിലീപിന്‍റെ സിനിമാ നിർമാണക്കമ്പനിയിലും സഹോദരന്‍റെ വീട്ടിലും റെയ്ഡ്; നിർണായക നീക്കം

dileep movie company grand productions office raided live updates

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ദിലീപിന്‍റെ സിനിമാ നിർമാണക്കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസിലും സഹോദരൻ അനൂപിന്‍റെ വീട്ടിലും പോലീസ് പരിശോധന. ആലുവയിലുള്ള ദിലീപിൻ്റെ വീട്ടിലും റെയ്ഡ് നടത്തുന്നുണ്ട്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥൻ ഡിവൈഎസ്‍പി ബൈജു പൗലോസിന്‍റെ നേതൃത്വത്തിലാണ് കൊച്ചിയിലെ കമ്പനിയിൽ അന്വേഷണസംഘം റെയ്ഡ് നടത്താനെത്തിയത്. 

ദിലീപുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കാൻ കഴിയുന്ന എല്ലാ സ്ഥലങ്ങളിലും ഒരേസമയം റെയ്ഡ് നടത്തി, പരമാവധി തെളിവുകൾ ശേഖരിക്കുക എന്നതാണ് അന്വേഷണസംഘത്തിന്‍റെ ലക്ഷ്യം. പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്നീ കേസുകളില്‍ തെളിവ് ശേഖരിക്കുന്നതിൻ്റെ ഭാഗമായാണ് റെയ്ഡ് നടക്കുന്നത്. 

റെയ്ഡ് നടക്കുന്ന ആലുവയിലെ വീട്ടിലേക്ക് ദിലീപിൻ്റെ അഭിഭാഷകനും എത്തിയിട്ടുണ്ട്. ദിലീപും കുടുംബവും വീട്ടില്‍ ഇല്ലെന്നാണ് സൂചന. ദിലീപിൻ്റെ വീടായ പത്മസരോവരത്തില്‍ വെച്ച് ദിലീപ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടുവെന്നാണ് വെളിപ്പെടുത്തല്‍. കൂടാതെ ഈ വീട്ടിലെ ഹാളില്‍ വെച്ച് പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.

അന്വേഷണസംഘത്തെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായാണ് വ്യാപകപരിശോധന. ഒരു കാരണവശാലും ദിലീപിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണസംഘം കോടതിയിൽ വാദിക്കും. ഇതിനായുള്ള തെളിവുകൾ ശേഖരിക്കാനാണ് പരിശോധന. ഒന്നാം പ്രതി ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ് എന്നിവരാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.

ഇത് പോലീസ് കെട്ടിച്ചമച്ച കേസാണെന്നും നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് പുതിയ എഫ്ഐആറെന്നുമാണ് കോടതിയിൽ ദിലീപിന്‍റെ അഭിഭാഷകൻ വാദിച്ചത്. ദിലീപും അനൂപും ചേർന്ന് നടത്തുന്ന സിനിമാ നിർമാണ കമ്പനിയാണ് ഗ്രാൻഡ് പ്രൊഡക്ഷൻസ്. ഓഫീസ് പൂട്ടിക്കിടക്കുന്നതിനാൽ ജീവനക്കാരെ വിളിച്ചുവരുത്തിയാകും പരിശോധന നടത്തുന്നത്. 

ഇന്നലെ വരെ ഓഫീസ് പ്രവർത്തിക്കുന്നുണ്ടായിരുന്നു. എന്നാലിന്ന് ജീവനക്കാരാരും വന്നിട്ടില്ലെന്ന് തൊട്ടടുത്ത സ്ഥാപനങ്ങളിലുള്ളവർ പറഞ്ഞു. അരമണിക്കൂറോളമായി ജീവനക്കാരെ കാത്തിരിക്കുകയാണ് പൊലീസ്. ഇനി ജീവനക്കാരാരും വന്നില്ലെങ്കിൽ പൂട്ട് പൊളിച്ച് അകത്തുകയറാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.

ഇതോടൊപ്പം ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ വീട്ടിലും അന്വേഷണസംഘം പരിശോധന നടത്തുകയാണ്. സംവിധായകനായ ബാലചന്ദ്രകുമാറിന്‍റെ മൊഴിയിൽ ദിലീപിന്‍റെ അനുജൻ അനൂപിന്‍റെ പേരും പരാമർശിക്കുന്നുണ്ട്. രണ്ട് ക്രൈംബ്രാഞ്ച് സിഐമാരുടെ നേതൃത്വത്തിലാണ് ഇവിടെ പരിശോധന നടക്കുന്നത്. ആലുവ പറവൂർ കവലയിലാണ് 'പത്മസരോവരം' എന്ന അനൂപിന്‍റെ വീട്. 

ആലുവയിലെ വീട്ടില്‍ വെച്ച് നടിയെ ആക്രമിച്ചതിൻ്റെ ദൃശ്യങ്ങള്‍ അടങ്ങിയ ടാബ് ഗള്‍ഫില്‍ നിന്നെത്തിയ വിഐപി ദിലീപിന് കൈമാറിയെന്നും, ഈ വീഡിയോ കാണാന്‍ ദിലീപ് തന്നെ ക്ഷണിച്ചെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഈ വീട്ടില്‍ വെച്ച് കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. 

പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവരടക്കം ആറുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. കേസില്‍ ദൃശ്യങ്ങള്‍ കൈമാറിയെന്ന് ആരോപണവിധേയനായ വിഐപിയും പ്രതിയാണ്. അന്വേഷണ ചുമതലയില്‍ നിന്നും ഡിജിപി ബി സന്ധ്യയെ മാറ്റണമെന്ന് ഒരു മന്ത്രിയെ വിളിച്ച് വിഐപി ആവശ്യപ്പെട്ടതായും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.