'കോടതി വിധി ജനാധിപത്യത്തിന്‍റെ ശബ്ദം'; രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനത്തില്‍ പ്രതികരണവുമായി സ്റ്റാലിന്‍

stalin
 

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികൾക്ക് മോചനം നൽകിയ സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സുപ്രിംകോടതി വിധി ജനാധിപത്യത്തിന്‍റെ ശബ്ദമാണെന്ന് സ്റ്റാലിൻ പ്രതികരിച്ചു.

നളിനിയെ ജയിൽ മോചിതയാക്കാനുള്ള മന്ത്രിസഭാ ഓർഡിനൻസിൽ ഒപ്പ് വെയ്ക്കാത്ത ഗവർണറുടെ നടപടിയെ തമിഴ്നാട് സർക്കാർ വിമർശിച്ചു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‍റെ തീരുമാനങ്ങൾ നാമനിര്‍ദേശം ചെയ്യപ്പെട്ട പദവിയിലിരിക്കുന്ന ഗവർണർമാർ തള്ളിക്കളയരുത് എന്നാണ് ഈ വിധി അടിവരയിടുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു.


ഡി.എം.കെ ഭരണത്തിലുള്ളപ്പോഴും പ്രതിപക്ഷത്തായിരിക്കുമ്പോഴും പ്രതികളുടെ മോചനത്തെ അനുകൂലിച്ചിട്ടുണ്ടെന്ന് സ്റ്റാലിന്‍ പറഞ്ഞു. കരുണാനിധിയുടെ ഭരണ കാലത്താണ് പ്രതികളിലൊരാളായ നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചത്. പ്രതികളുടെ മോചനത്തിനായി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നിവേദനം നൽകുകയും അവരുടെ മനുഷ്യാവകാശങ്ങൾക്കൊപ്പം നിൽക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.

രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി ഉൾപ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാനാണ് സുപ്രീംകോടതി ഉത്തരവ്. ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ഇതോടെ രാജീവ് ഗാന്ധി വധക്കേസിലെ എല്ലാ പ്രതികളും മോചിതരാകും.


31 വര്‍ഷത്തില്‍ അധികമായി നളിനി ജയിലിലാണ്. കേസിലെ മറ്റൊരു പ്രതിയായിരുന്ന പേരറിവാളന്‍ മുപ്പത് കൊല്ലത്തിലധികത്തെ ജയിലിൽ വാസത്തിന് പിന്നാലെ മാസങ്ങള്‍ക്ക് മുമ്പ് മോചിതനായിരുന്നു. മെയ് 18 നാണ് പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെ പ്രതികളായ നളിനി ശ്രീഹരനും പി രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയില്‍ മോചന ഹർജി നല്‍യിരുന്നെങ്കിലും കോടതി അത് തള്ളി. ആർട്ടിക്കിൾ 142ന്‍റെ പ്രത്യേകാധികാരം ഉപയോഗിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതി പറഞ്ഞത്. പ്രതികൾക്ക് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

1991 മെയ് 21 -ന് രാത്രി ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊലക്കേസിലെ പ്രതികൾ 1998 ജനുവരിയിൽ സ്‌പെഷ്യൽ ടാഡ കോടതിയിൽ നടന്ന വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 1999 മെയ് 11 -ന് മേൽക്കോടതി വധശിക്ഷ ശരിവെച്ചു. കൊലപാതകം നടന്ന് 24 കൊല്ലത്തിന് ശേഷം 2014 -ൽ സുപ്രീംകോടതി നളിനിയടക്കം മൂന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കി. അവർ സമർപ്പിച്ച ദയാഹർജി കേന്ദ്രം 11 കൊല്ലം വൈകിച്ചു എന്നതായിരുന്നു അന്ന് കോടതി ചൂണ്ടിക്കാണിച്ച കാരണം. 
 

അതേസമയം പ്രതികളെ ജയിൽ മോചിതരാക്കിയ സുപ്രിംകോടതി വിധിക്കെതിരെ നിയമ പോരാട്ടം തുടരുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. സുപ്രിംകോടതി വിധിയെ ദൗർഭാഗ്യകരം എന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറിയും മീഡിയാ തലവനുമായ ജയറാം രമേശ് വിശേഷിപ്പിച്ചത്. വിധി അംഗീകരിക്കാൻ കഴിയില്ലെന്നും ജയറാം രമേശ് വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.