×

രഞ്ജിത്ത് ശ്രീനിവാസൻ വധകേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ച ജഡ്ജിക്ക് ഭീഷണി, 2 പേര്‍ പിടിയില്‍

google news
Db
ആലപ്പുഴ : ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ 2 പേര്‍ പിടിയില്‍. മാവേലിക്കര അഡീഷനൽ സെഷൻസ് ജഡ്ജി വി.ജി.ശ്രീദേവിയെ അധിക്ഷേപിച്ച ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണു പിടിയിലായതെന്നു പൊലീസ് പറഞ്ഞു.
    
കേരളത്തിൽ ഏറ്റവുമധികം പേരെ വധശിക്ഷയ്ക്കു വിധിച്ച കേസാണിത്. ഹൈക്കോടതിയുടെ അംഗീകാരത്തോടെയാകും ശിക്ഷ നടപ്പാക്കുക. ശിക്ഷിക്കപ്പെട്ടവരെല്ലാം പോപ്പുലർ ഫ്രണ്ട്– എസ്ഡിപിഐ പ്രവർത്തകരാണ്. വിവിധ വകുപ്പുകളിലായി പ്രതികൾക്ക് 25.09 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഇതിൽ 6 ലക്ഷം രൂപ രഞ്ജിത്തിൻ്റെ കുടുംബത്തിനു നൽകണം.
   
ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ (45) 2021 ഡിസംബർ 19ന് ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലാണു വെട്ടിക്കൊലപ്പെടുത്തിയത്. രണ്ടുഘട്ടമായി അന്വേഷിച്ച കേസിലെ ആദ്യഘട്ട കുറ്റപത്രത്തിൽ ഉൾപ്പെട്ട 15 പ്രതികളുടെ ശിക്ഷയാണു പ്രഖ്യാപിച്ചത്. പ്രധാന പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവരടക്കം മുപ്പതോളം പ്രതികളുള്ള രണ്ടാം കുറ്റപത്രം ഉടൻ സമർപ്പിക്കും.