വർക്കല പാപനാശം ബീച്ചിൽ കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു

rare phenomenon in varkala beach coastal area
 

തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ 50 മീറ്ററോളം കടൽ ഉൾവലിഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കടൽ ഉൾവലിഞ്ഞ പ്രദേശങ്ങളിൽ ഉള്ളവർ കടലിൽ ഇറങ്ങരുതെന്ന് ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകി.

എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രസ്തുത പ്രതിഭാസം ഒരു പ്രാദേശിക സംഭവം മാത്രമാണെന്നും ഇന്ത്യൻ നാഷണൽ സെന്‍റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസും (INCOIS) കേരള ദുരന്ത നിവാരണ വിഭാഗവും (KSDMA) വ്യക്തമാക്കി. അറബിക്കടലിലോ ഇന്ത്യൻ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനിൽക്കുന്നില്ല.

തികച്ചും പ്രാദേശികമായ കാറ്റിന്റെ അവസ്ഥ കൊണ്ടോ ഇന്ത്യൻ തീരത്ത് ഇന്ന് വൈകുന്നേരത്തോടെ നടന്ന ചന്ദ്രഗ്രഹണം കൊണ്ടോ ആകാം ഈ പ്രതിഭാസം ഉണ്ടായതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും അറിയിച്ചിട്ടുണ്ട്. കടൽ ഉൾവലിഞ്ഞ പ്രദേശങ്ങളിൽ ഉള്ളവർ ഈ സമയങ്ങളിൽ കടലിൽ ഇറങ്ങാതിരിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേകം ശ്രദ്ധിക്കുകയും മുൻകരുതലുകൾ എടുക്കുകയും വേണമെന്നും അറിയിപ്പുണ്ട്.