കോഴിക്കോട് സ്വകാര്യ ബസുകളുടെ മത്സരയോട്ടം; നടപടിയുമായി എംവിഡി; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട് സ്വകാര്യ ബസുകളുടെ മത്സരയോട്ടം; നടപടിയുമായി എംവിഡി; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കൊയിലാണ്ടി ദേശീയ പാതയില്‍ നിര്‍ത്തിയിട്ട ബസിനെ അപകടകരമായി രീതിയില്‍ ഇടതുവശം ചേര്‍ന്ന് ഓവര്‍ടേക് ചെയ്ത സംഭവത്തിലാണ് നടപടി.
 
ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ചിന്നൂസ് ബസിന്റെ ഡ്രൈവര്‍ വടകര സ്വദേശി ബൈജുവിന്റെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. ബസിന്റെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യാന്‍ ജോയിന്റ് ആര്‍ടിഒ, ആര്‍ടിഒയ്ക്ക് കത്തും നല്‍കിയിട്ടുണ്ട്.
 
ഇന്നലെ രാവിലെ ഒൻപത് മണിയോടെ കൊയിലാണ്ടി നഗരത്തിലായിരുന്നു സംഭവം. ആദ്യമെത്തിയ ബസിൽ നിന്നും ഇറങ്ങിയ യാത്രക്കാരി ബസ് സ്റ്റാൻഡിലേക്ക് നടക്കുന്നതിനിടെയാണ് അമിത വേഗത്തിൽ രണ്ടാമത്തെ ബസെത്തിയത്.  ഇടത് വശത്ത് കൂടെ ആദ്യ ബസിനെ മറികടന്ന് മുന്നിലേക്ക് പോകുന്ന ബസിനിടയിൽ കുടുങ്ങാതെ തലനാരിഴക്കാണ് യാത്രക്കാരി രക്ഷപ്പെട്ടത്. പേടിച്ചു നിന്ന യാത്രക്കാരിയെ ഒപ്പം ഇറങ്ങിയവരാണ് അവിടെ നിന്ന് മാറ്റിയത്. ഇരു ബസുകളും യാത്ര തുടരുകയും ചെയ്തു.ഇതെല്ലാം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.