തന്നെയും പിണറായിയെയും നയിക്കുന്നത് പാര്‍ട്ടി; രണ്ട് പേരും പാര്‍ട്ടിക്ക് വിധേയപ്പെട്ട് പോകും: മന്ത്രി എം.വി ​ഗോവിന്ദൻ

M V Govindan
 

തിരുവനന്തപുരം: പാർട്ടി സെക്രട്ടറിയെന്ന നിലയിൽ വെല്ലുവിളിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മന്ത്രിസ്ഥാനം രാജിവെക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും. പാർട്ടിയിൽ ചില ഘട്ടങ്ങളിൽ വിഭാഗീയത ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ വിഭാഗീയതയില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്നെയും പിണറായിയെയും നയിക്കുന്നത് പാര്‍ട്ടിയാണ്. രണ്ട് പേരും പാര്‍ട്ടിക്ക് വിധേയപ്പെട്ട് പോകും. പാര്‍ട്ടിയും സര്‍ക്കാരും ഒരേ നിലപാടില്‍ മുന്നോട്ട് പോകും. അതിൽ ഒരു വെല്ലുവിളിയുമില്ല. കണ്ണൂര്‍ ലോബി എന്ന വിളിക്ക് പ്രസക്തിയില്ല. എവിടെ ജനിച്ചു എന്നതല്ല പ്രസക്തി. കേരളത്തിലാകമാനം പ്രവര്‍ത്തിച്ച പരിചയം ഉള്ളവരാണ് തങ്ങള്‍. രണ്ടാം പിണറായി മന്ത്രിസഭയുടെ പ്രവര്‍ത്തനം മോശമെന്ന് ആരും പറഞ്ഞിട്ടില്ല. തിരുത്തലുകള്‍ വേണമെന്നാണ് പറഞ്ഞതെന്നും അതുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവർണറുടെ കാര്യത്തിൽ പാർട്ടി പിന്നോട്ടില്ലെന്ന് എം.വി ഗോവിന്ദൻ വ്യക്തമാക്കി. ഗവർണർ ഭരണഘടനാപരമായി പ്രവർത്തിക്കണം. ആർഎസ്എസും ബിജെപിയും കേരളത്തെ ടാർജറ്റ് ചെയ്യുന്നു. ഗവർണറുടെ നിലപാട് ജനാധിപത്യപരവും ഭരണഘടനാപരവുമായിരിക്കണം. മുഖ്യമന്ത്രിയേയും പാർട്ടി സെക്രട്ടറിയേയും നയിക്കുന്നത് പാർട്ടിയാണ്. രണ്ടുപേരും പാർട്ടിക്ക് വിധേയപ്പെട്ട് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

  
എകെജി സെന്റര്‍ ആക്രമണത്തിൽ പ്രതികളെ ഉടന്‍ പിടികൂടും. ജില്ലാകമ്മിറ്റി ഓഫീസ് ആക്രമണത്തിൽ ആര്‍എസ്എസും ബിജെപിയുമാണ് പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ യാത്ര തുടങ്ങാന്‍ കഴിയുമോ എന്ന് പോലും നിശ്ചയമില്ല. വിഴിഞ്ഞം സമരം ചർച്ചക്കായി മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു എന്നിവരെത്തിയിട്ടുണ്ട്. സിപിഐയുടെ വിമര്‍ശനങ്ങള്‍ ആരോഗ്യകരമായി കാണുന്നു. അതിനെ പര്‍വ്വതീകരിക്കേണ്ട കാര്യമില്ല. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. ആര്‍എസ്പിക്ക് തികഞ്ഞ വലതുപക്ഷ നിലപാട്. അവർ തിരുത്തി വന്നാല്‍ അപ്പോള്‍ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.