തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യാതെ കൂലി വാങ്ങി; യുപി സ്‌കൂൾ പ്രധാനാധ്യാപകനെതിരെ നടപടി.

cash
 

മലപ്പുറം; തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യാതെ കൂലി വാങ്ങിയതിൽ യുപി സ്‌കൂൾ പ്രധാനാധ്യാപകനെതിരെ നടപടി. ജോലി ചെയ്യാതെ മസ്റ്റർ റോളിൽ ഒപ്പിട്ട് 22 ദിവസത്തെ കൂലി വാങ്ങിയത് പലിശ സഹിതം തിരിച്ചടയ്‌ക്കാൻ ഓംബുഡ്‌സ്മാൻ ഉത്തരവിടുകയായിരുന്നു.വടക്കുംപുറം എയുപി സ്‌കൂൾ പ്രധാനാധ്യാപകൻ വിപി അലി അക്ബറാണ് മസ്റ്റർ റോളിൽ ഒപ്പിട്ട് കൂലി വാങ്ങിയത്. സംഭവത്തിൽ വടക്കുംപുറം സ്വദേശി എൻ.സോമസുന്ദരനാണ് ഓംബുഡ്‌സ്മാന് പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറി, തൊഴിലുറപ്പ് മേറ്റ്, പരാതിക്കാരൻ തുടങ്ങിയവരിൽ നിന്നും ഓംബുഡ്‌സ്മാൻ മൊഴിയെടുത്തിരുന്നു. കഴിഞ്ഞ വർഷം നവംബർ 30-നും ഡിസംബർ 29-നും ഇടയിൽ 22 ദിവസം ജോലി ചെയ്തു എന്ന് പറഞ്ഞാണ് ഇയാൾ വേതനം വാങ്ങിയത്. ഒപ്പിട്ട 22 ദിവസങ്ങളിൽ ഒന്ന് പ്രവൃത്തി ദിനമല്ലാത്ത ഞായറാഴ്ചയായിരുന്നു. ഒരു ദിവസം പോലും തൊഴിലുറപ്പിൽ പങ്കാളിയല്ലായിരുന്നുവെന്ന് തൊഴിലുറപ്പ് മേറ്റ് മൊഴി നൽകി.

ജോലി ചെയ്തതായി ആരോപിച്ച 22 ദിവസങ്ങളിൽ പതിനെട്ടര ദിവസവും ഇയാൾ സ്‌കൂളിലെ ഹാജർ പട്ടികയിലും ഒപ്പുവെച്ചിട്ടുണ്ട്. പ്രവൃത്തി ദിനങ്ങളിൽ മറ്റൊരാളെ ജോലിക്ക് നിർത്തി എന്നതായിരുന്നു ഇയാളുടെ വാദം. എന്നാൽ നടപടി സ്വീകരിച്ചതിനെ തുടർന്ന് ലഭിച്ച തുകയായ 6,842 രൂപ പഞ്ചായത്തിൽ തിരികെ അടച്ചിരുന്നു. പലിശയടക്കം തിരിച്ചടയ്‌ക്കാനാണ് ഉത്തരവിൽ പരാമർശിച്ചിരിക്കുന്നത്.