സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ റെഡ് അലേർട്ട്

rain
 

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരത്ത് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രിവരെ തൃശ്ശൂർ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ മലയോരമേഖലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ചയോടെ ന്യൂനമർദം രൂപപ്പെട്ടേക്കും. ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 21 ആയി.

ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച അതിതീവ്ര മഴ മധ്യകേരളത്തില്‍ ഇന്നും തുടര്‍ന്നു. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണ്. പത്തനംതിട്ട മുതല്‍ പാലക്കാട് വരെയും കണ്ണൂര്‍ ജില്ലയിലുമാണ് ഇന്ന് റെഡ് അലര്‍ട്ടുള്ളത്. അറബിക്കടലില്‍ ശക്തിയാര്‍ജിച്ച കാറ്റ് രാത്രിയോടെ വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിനൊപ്പമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നത്. കാലാവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നത് പെട്ടെന്നാണെന്നും വലിയ ജാഗ്രത പുലർത്തേണ്ട സമയമാണിതെന്നും റവന്യുമന്ത്രി കെ.രാജന്‍ പറഞ്ഞു.

പൊന്മുടി, ലോവർ പെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, മൂഴിയാർ, കുണ്ടള ഡാമുകളില്‍ റെഡ് അലർട്ടുണ്ടെങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കാസര്‍കോടും ചാവക്കാടും കഴിഞ്ഞ ദിവസം കാണാതായ രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മഴക്കെടുതിയില്‍ ആകെ മരണം 21 ആയി.
   
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും ( ഓഗസ്റ്റ് നാല്) കര്‍ണാടക തീരങ്ങളില്‍ നാളെ വരെയും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചിലയവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇന്നും നാളെയും കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ്നാട് തീരം, ശ്രീലങ്കന്‍ തീരം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കൂടാതെ കേരള-കര്‍ണാടക തീരം, അതിനോട് ചേര്‍ന്ന മധ്യകിഴക്കന്‍ തെക്കു കിഴക്കന്‍ അറബിക്കടല്‍ , തെക്കന്‍ ആന്ധ്രാതീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.