ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; ജനശതാബ്ദി ഉൾപ്പടെ മൂന്ന് ട്രെയിനുകൾ റദ്ദാക്കി

train
 

തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി, എറണാകുളം – ഷൊർണൂർ മെമു, എറണാകുളം- ഗുരുവായൂർ എക്സ്പ്രസ് എന്നീ ട്രെയിനുകൾ ഇന്ന് സർവീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു. ട്രെയിനുകൾ റദ്ദാക്കിയതോടെ കൂടുതൽ ബസ് സർവീസ് ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

ഇന്ന് ഉച്ചക്ക് 14.50 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട 12082 തിരുവനന്തപുരം – കണ്ണൂർ ജനശതാബ്‌ദി പൂർണമായും റദാക്കി. വൈകീട്ട് 5.35 നുള്ള എറണാകുളം- ഷൊർണൂർ മെമു, രാത്രി 7.40നുള്ള എറണാകുളം-ഗുരുവായൂർ എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്.

ഇന്ന് 2.50 നുള്ള കണ്ണൂർ -എറണാകുളം എക്‌സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും. ഇന്ന് 3 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടേണ്ട ചെന്നൈ മെയിൽ തൃശൂരിൽ നിന്ന് രാത്രി 8.43നു പുറപ്പെടും. ഇന്ന് 10.10ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട കന്യാകുമാരി-ബംഗളൂരു ട്രെയിൻ 2 മണിക്കൂർ വൈകും. നാളത്തെ കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി സർവീസ് പൂർണമായും റദ്ദാക്കിയിട്ടുണ്ട്.