നിപയിൽ ആശ്വാസം; അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

nipah
കോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്പിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. തുടർച്ചയായ നാലാം ദിവസവും പരിശോധന ഫലം നെഗറ്റീവായതോടെ നിപ ഭീതി അകലുകയാണെങ്കിലും ജില്ലയില്‍ ജാഗ്രത തുടരുകയാണ്. 

നാല് എണ്ണം എന്‍ഐവി പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 73 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ചാത്തമംഗലത്ത് റിപ്പോർട്ട് ചെയ്ത നിപയുടെ ഉറവിടം കണ്ടെത്താനുളള പരിശോധന ഊർജ്ജിതമാക്കി. മൃഗ സംരക്ഷണ വകുപ്പിനൊപ്പം പൂനൈ എൻ ഐ വി യിൽ നിന്നുളള വിദഗ്ധ സംഘവും പരിശോധനകൾക്കുണ്ട്. മുന്നൂരിന് പരിസരത്തെ വവ്വാലുകളെയാണ് വലവിരിച്ച് പിടിച്ച് നിരീക്ഷിക്കുക.