രാജിയോ? വിവാദങ്ങള്‍ക്കിടെ ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു

pinarayi and saseendran

തിരുവനന്തപുരം: പീഡനപരാതി ഒതുക്കാന്‍ ശ്രമിച്ചെന്ന വിവാദത്തില്‍ തുടരുന്നതിനിടെ എന്‍സിപി നേതാവും വനം മന്ത്രിയുമായ എ.കെ.ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ തലസ്ഥാനത്ത് എത്തിയ മന്ത്രി ക്ലിഫ് ഹൗസിലെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് രണ്ട് മാസം തികയും മുമ്പെ ഒത്തു തീര്‍പ്പ് വിവാദത്തില്‍ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടുമോ എന്ന ചര്‍ച്ച തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച.

അതേസമയം, എന്‍സിപി നേതാവിനെതിരെ പീഡന പരാതി നല്‍കിയ യുവതിയുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പദ്മാകരന്‍ തന്റെ കൈയില്‍ കയറി പിടിച്ചെന്നും വാട്‌സാപ്പിലൂടെ അപവാദ പ്രചാരണം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി.

നേരത്തെ യുവതി പൊലീസില്‍ പരാതി നല്‍കിയെങ്കിലും പരാതിയില്‍ പറയുന്ന സംഭവങ്ങള്‍ നടന്ന സമയത്തെ പറ്റി വ്യക്തതയില്ലെന്ന കാരണം പറഞ്ഞാണ് പൊലീസ് ഇതുവരെ കേസ് എടുക്കാതിരുന്നത്. മന്ത്രി എ കെ ശശീന്ദ്രന്റെ കേസിലെ ഇടപെടല്‍ പുറത്തു വന്നതോടെ പൊലീസ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്‍ സി പി പ്രവര്‍ത്തകന്‍ രാജീവിനും പദ്മാകരനും എതിരെയാണ് കേസെടുത്തത്. അതിനിടെ സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്‍ ശ്രമിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് എന്‍സിപി. സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യൂസ് ജോര്‍ജിനാണ് അന്വേഷണ ചുമതല. മാത്യൂസ് ജോര്‍ജ് ഇന്ന് കൊല്ലത്തെത്തി തെളിവെടുക്കും. അതിനിടെ, എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും.