പാലക്കാട്: പാലക്കാട് തച്ചമ്പാറയിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർ മരിച്ചു. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.40 കഴിഞ്ഞായിരുന്നു അപകടമുണ്ടായത്. പാലക്കാട് നിന്ന് മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറില്‍ സഞ്ചരിച്ചിരുന്ന ഷുഹൈബ് (28), സുറുമി എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഹന്ന (18) പരിക്കുകളോടെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പിക്കപ്പ് വാന്‍ ഡ്രൈവര്‍ സയിദ് (64) പരിക്കുകളോടെ ആശുപത്രിയിലാണ്.
വടകര മുക്കാളിയിലും വാഹനാപകടം ഉണ്ടായി. മുപ്പതോളം പേർക്ക് പരിക്കേറ്റു. ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വടകരയിലെ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമായാണ് ഇടിച്ചത്. ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെയാണ് ലോറിയുമായി ഇടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസിലുണ്ടായിരുന്ന മുപ്പതോളം പേർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.