×

എക്സാലോജിക്-സി.എം.ആർ.എൽ ഇടപാടില്‍ മുഖ്യമന്ത്രിയെയും ഉൾപ്പെടുത്തി ആര്‍ഒസി റിപ്പോര്‍ട്ട്

google news
Sh

തിരുവനന്തപുരം: സിഎംആർഎല്‍-എക്സാലോജിക് ഇടപാടില്‍ മുഖ്യമന്ത്രിയെയും ബന്ധപ്പെടുത്തി ആർഒസി റിപ്പോർട്ട്. കെഎസ്‌ഐഡിസി വഴി സിഎംആർലില്‍ മുഖ്യമന്ത്രിക്ക് സ്വാധീനമുള്ളതിനാല്‍ തല്പരകക്ഷി ഇടപാടായി സാക്ഷ്യപ്പെടുത്താത്തത് ചട്ടലംഘനമെന്നാണ് ആർഒസി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിക്കോ തനിക്കോ കെഎസ്‌ഐഡിസിയുമായി നേരിട്ട് ബന്ധമില്ലെന്ന വീണയുടെ വിശദീകരണമാണ് ആർഒസി തള്ളുന്നത്. എക്സാലോജിക്-സിഎംആർഎല്‍ ഇടപാട് റിലേറ്റഡ് പാർട്ടി ഇടപാട് അഥവാ തല്പരകക്ഷി ഇടപാടായി സാക്ഷ്യപ്പെടുത്താതിനെ ചോദ്യം ചെയ്യതാണ് ബംഗളൂരു ആർഒസി മുഖ്യമന്ത്രിയെ കുറിച്ച്‌ പരാമര്‍ശിക്കുന്നത്.

   

വ്യവസായ വകുപ്പിന് കീഴിലെ കെഎസ്‌ഐഡിസിക്ക് 13.4 ശതമാനം ഓഹരിയുള്ള സ്ഥാപനമാണ് സിഎംആർഎല്‍. വീണ വിജയൻ മുഖ്യമന്ത്രിയുടെ മകളാണ്. സിഎംആർഎല്‍ ഡയറക്ടർ ബോർഡില്‍ കെഎസ്‌ഐഡിസി പ്രതിനിധിയുമുണ്ട്. എന്നിട്ടും സിഎംആർഎല്ലുമായുള്ള ഇടപാട് തല്പരകക്ഷി ഇടപാടായി സാക്ഷ്യപ്പെടുത്താത്തതിലാണ് ആർഒസി ചട്ടലംഘനം കണ്ടെത്തുന്നത്. കെഎസ്‌ഐഡിസി ബോർഡ് അംഗങ്ങളാരും തന്‍റെ കുടുംബാംഗങ്ങളല്ലെന്നായിരുന്നു വീണയുടെ മറുപടി. 1991ല്‍ കെഎസ്‌ഐഡി, സിഎംആർഎല്ലില്‍ നിക്ഷേപം നടത്തുമ്ബോള്‍,തന്‍റെ കുടുംബാഗങ്ങളാരും സർക്കാരിന്‍റെ ഭാഗമല്ല, കെഎസ്‌ഐഡിസി നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നതും തന്റെ അച്ഛനോടല്ല എന്നിങ്ങനെയുള്ള വീണയുടെ ഈ വാദങ്ങളാണ് ആര്‍ഒസി തള്ളുന്നത്.

    

മുഖ്യമന്ത്രിയുടെ മകളും സർക്കാർ ഓഹരിയുള്ള കമ്ബനിയും എന്ന നിലയില്‍ മാത്രമല്ല, എക്സാലോജിക്കും,സിഎംആർഎല്ലും കെഎസ്‌ഐഡിസിയും ബന്ധപ്പെട്ട കക്ഷികളാകുന്നതെന്നാണ് ആർഒസി പറയുന്നത്. സംസ്ഥാനത്തിന്‍റെ ധാതുസമ്ബത്തിന്‍റെ അവകാശിയായ സർക്കാരിന് സിഎിആർഎല്ലിന് മേല്‍ സ്വാധീനമുണ്ട്. മുഖ്യമന്ത്രിക്ക് കെഎസ്‌ഐഡിസിയിലുള്ള സ്വാധീനവും നിയന്ത്രണവും വഴി സിഎംആർഎല്ലിലും പിടിയുണ്ടെന്നാണ് ആർഒസി റിപ്പോർട്ട്.വഴിവിട്ട് സിഎംആർഎല്ലിന് ഒരു സഹായവും സർക്കാർ ചെയ്തിട്ടില്ലെന്ന സർക്കാർ വാദങ്ങളെ ചോദ്യം ചെയ്യുന്നത് കൂടിയാണ് മുഖ്യമന്ത്രിയുടെ സ്വാധീനം ഓർമ്മിപ്പിക്കുന്ന ആർഒസി റിപ്പോർട്ട്.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു