കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തിറക്കി

Route map of the child who died due to nipah virus
 


കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം പ‍ഞ്ചായത്തിൽ നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ്  ജില്ലാഭരണകൂടം തയ്യാറാക്കി. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 1 തിയ്യതി വരെയുള്ള ദിവസങ്ങളിലെ കുട്ടിയുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. 


27.08.2021 വെള്ളിയാഴ്ച - വെകുന്നേരം 5 മണി- 5.30 വരെ- പാഴൂരിൽ കുട്ടികളോടൊപ്പം കളിക്കുകയായിരുന്നു
28.08.2021 ശനിയാഴ്ച - വീട്ടിൽ തന്നെ.
29.08.2021 ഞായറാഴ്ച - രാവിലെ 8.30 മുതൽ 8.45 വരെ - പനിയെ തുടർന്ന് എരഞ്ഞി മാവിലുള്ള ഡോ. മുഹമ്മദ് സെൻട്രൽ ക്ലിനിക്കിലെത്തിച്ചു - ഓട്ടോയിലായിരുന്നു യാത്ര. 
30.08.2021 തിങ്കളാഴ്ച -  വീട്ടിൽ തന്നെ.
31.08.2021 ചൊവ്വാഴ്ച  - രാവിലെ 9.58 മുതൽ 10.30 വരെ - ഇഎംഎസ് ആശുപത്രി മുക്കം - യാത്ര ഓട്ടോയിൽ.
31.08.2021 ചൊവ്വാഴ്ച - രാവിലെ 10.30 മുതൽ 12.00 വരെ - ശാന്തി ആശുപത്രി ഓമശ്ശേരി - ഓട്ടോയിൽ യാത്ര.
31.08.2021 - ചൊവ്വാഴ്ച - ഉച്ചയ്ക്ക് 1 മണി - കോഴിക്കോട് മെഡിക്കൽ കോളേജ്  - ആംബുലൻസില്‍
01.09.2021 ബുധനാഴ്ച -  രാവിലെ 11 മണിക്ക്  - മിംസ് ആശുപത്രിയിലെത്തിച്ചു. ആംബുലൻസിലായിരുന്നു യാത്ര.


അതേസമയം, നിപ ബാധിച്ച് മരിച്ച 12-കാരൻ റമ്പൂട്ടാൻ പഴം കഴിച്ചിരുന്നതായാണ് ബന്ധുക്കൾ നൽകുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ റമ്പൂട്ടാൻ പഴത്തിന്റെ സാമ്പിളുകൾ കേന്ദ്രസംഘം ശേഖരിച്ചു. ഇത് വവ്വാലുകൾ എത്തിയ ഇടമാണോ എന്ന് പരിശോധിക്കും. വൈറസ് ബാധ വവ്വാലുകളിൽ നിന്ന് ഏറ്റതാണോ എന്ന് തിരിച്ചറിയുന്നതിനാണ് ഇത്.

മരിച്ച പന്ത്രണ്ടുകാരന്‍ ചികിത്സ തേടിയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്രവം ശേഖരിക്കാത്ത വിഷയം ഗൗരവമായി പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. കുട്ടിയുടെ അമ്മയ്ക്കും നേരിയ പനി ലക്ഷണമുണ്ട്. സ്വകാര്യ ആശുപത്രികളോട് അസ്വാഭാവികമായ പനി ലക്ഷണങ്ങളുമായി വരുന്ന കേസുകൾ അറിയിക്കാൻ ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി അറിയിച്ചു. 
നാളെ വൈകീട്ട് അവലോകനയോഗം ചേരും. മെഡിക്കൽ കോളേജിലെ  ഐസിയു ബെഡുകളുടെ കുറവ് പരിഹരിക്കും. ഹൈറിസ്കിൽ ഉള്ള 20 പേരുടെയും സാമ്പിൾ എൻവിഐയിലേക്ക് അയക്കും. മെഡിക്കൽ കോളേജ് പേ വാർഡ് ബ്ളോക് നിപ്പാ വാർഡാക്കുമെന്നും മന്ത്രി വിശദീകരിച്ചു. 

അതേ സമയം നിപ ജാഗ്രതയുടെ ഭാഗമായി കോഴിക്കോടിന് പുറമേ മലപ്പുറത്തും കൺട്രോൾ റൂം തുറന്നു. രോഗലക്ഷണമുള്ളവര്‍ ജില്ലാ കണ്‍ട്രോള്‍ റൂമിലോ ആരോഗ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണം. മഞ്ചേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രധാന ആശുപത്രികളിലെല്ലാം നിപ രോഗലക്ഷണമുള്ളവര്‍ക്കായി പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളും ചികില്‍സാ സൗകര്യങ്ങളുമൊരുക്കും. ഏതെങ്കിലും ഭാഗത്ത് വവ്വാലുകളോ പക്ഷികളോ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടാല്‍ മുഗസംരക്ഷണ വകുപ്പ് അധികൃതരെ വിവരമറിയിക്കണം

കണ്‍ട്രോള്‍ റൂം നമ്പറുകള്‍
0483 2737 857
0483 2733 251
0483 2733 252
0483 2733 253