ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം: പ്രതികള്‍ സഞ്ചരിച്ച കാറിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്; അന്വേഷണത്തിന് പ്രത്യേക സംഘം

rss
 

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ (Sanjith murder) അക്രമിസംഘം സഞ്ചരിച്ച കാറിൻ്റെ സിസിടിവി ദൃശ്യങ്ങൾ (cctv visuals)  പൊലീസ് പുറത്തുവിട്ടു. കാറിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിൽ അറിയിക്കണം എന്ന് പൊലീസ് അഭ്യർത്ഥിച്ചു. (Rss worker murder)

വെളുത്ത നിറത്തിലുള്ള പഴയമോഡൽ മാരുതി 800 കാറാണ് സിസിടിവി ദൃശ്യത്തിലുള്ളത്. ഡോറുകളുടെ ഗ്ലാസിൽ കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലെ സിസിടിവികൾ പരിശോധിച്ചാണ് പ്രതികൾ സഞ്ചരിച്ച കാറിന്റെ വിവരങ്ങൾ പൊലീസ് ശേഖരിച്ചത്. 

കാറിനെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസിനെയോ, ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ഷിജു എബ്രഹാമിനെയോ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.  9497990095, 9497987146 എന്നീ ഫോൺ നമ്പരുകളിൽ വിളിച്ച് വിവരം അറിയിക്കാവുന്നതാണ്. 

കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. പാലക്കാട് എസ്.പി ആർ വിശ്വനാഥ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. പാലക്കാട് ഡിവൈഎസ്പി ഹരിദാസ് , ആലത്തൂർ ഡിവൈഎസ്പി കെ.എം ദേവസ്യ , ആറ് സി .ഐമാർ ഉൾപെടെ 34 അംഗ അന്വേഷണ സംഘത്തെയാണ് നിയോഗിച്ചത്. ഉത്തരമേഖല എഡിജിപി വിജയ് സാഖറേയാണ് അന്വേഷണ സംഘത്തെ രൂപീകരിച്ചത്.

കോയമ്പത്തൂരില്‍ നിന്നുള്ള സംഘമാണ് കൊലപാതകത്തിനുപിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. എട്ടുസംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. പാലക്കാട് എസ്പി ഓഫിസില്‍ ഇന്നലെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ യോഗം ചേര്‍ന്നിരുന്നു.
 
തിങ്കളാഴ്ച രാവിലെയാണ് പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയോടൊപ്പം ബൈക്കില്‍ പോകുകയായിരുന്ന സഞ്ജിത്തിനെ വെട്ടുകയായിരുന്നു. ബൈക്ക് ഇടിച്ചു വീഴ്ത്തി നാല് പേര്‍ ചേര്‍ന്നാണ് വെട്ടിയത്. സഞ്ജിത്തിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.