മോഫിയ പര്‍വീൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന സിഐക്കെതിരെ നടപടി പിന്നീടെന്ന് റൂറല്‍ എസ് പി

mofia

കൊച്ചി: മോഫിയ പര്‍വീൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ആലുവ സിഐ സുധീറിനെതിരെ നടപടി പിന്നീടെന്ന് റൂറല്‍ എസ് പി. ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിനുശേഷം കൂടുതല്‍ നടപടിയെടുക്കുമെന്ന് ആലുവ റൂറല്‍ എസ് പി കെ കാര്‍ത്തിക് അറിയിച്ചു. സിഐക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് വന്നതിനുശേഷം മാത്രം നടപടിയുണ്ടാകും. സിഐ സുധീര്‍ ഇപ്പോഴും ആലുവ ഈസ്റ്റ് സ്‌റ്റേഷന്‍ ഓഫിസറാണ്.

സിഐ സുധീറിനെതിരെ ആരോപണവുമായി കൂടുതല്‍ പേര്‍ രംഗത്തെത്തി. ഗാര്‍ഹിക പീഡന പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ മോശമായി പെരുമാറിയെന്നും രാത്രി മുഴുവന്‍ പോലീസ് സ്റ്റേഷനില്‍ ഇരുത്തിയെന്നും മറ്റൊരു യുവതി വെളിപ്പെടുത്തി. മധ്യസ്ഥ ചര്‍ച്ച നടന്ന ദിവസം മോഫിയയെ പോലീസ് സ്റ്റേഷനില്‍വെച്ച് കണ്ടിരുന്നു. മോഫിയ മാനസികമായി തളര്‍ന്നിരുന്നു എന്നും യുവതി പറഞ്ഞു.

സിഐക്കെതിരെ നടപടിയെടുക്കണമെന്നും ഉടന്‍ സ്റ്റേഷന്‍ ചാര്‍ജില്‍ നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ട് ആലവു എംഎല്‍എ അന്‍വര്‍ സാദത്ത് പോലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു. ഉത്ര കൊലക്കേസിൻ്റെ  പ്രാഥമിക അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ആരോപണ വിധേയനായ സുധീര്‍. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്. 2020 ജൂണില്‍ നടന്ന ഈ സംഭവത്തില്‍ അന്ന് അഞ്ചല്‍ സിഐ ആയിരുന്ന ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിരുന്നു.