ശബരിമലയിൽ ഇത്തവണ റെക്കോഡ് വരുമാനം; 351 കോടി ലഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

sabarimala
 

തിരുവനന്തപുരം: ശബരിമലയിൽ ഇത്തവണ റെക്കോഡ് വരുമാനം. ഈ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് 351 കോടി വരുമാനമായി ലഭിച്ചതായി ബോർഡ് പ്രസിഡന്റ് അഡ്വ. അനന്ത ഗോപൻ അറിയിച്ചു. നാണയങ്ങളിൽ നാലിലൊന്ന് ഭാഗം മാത്രമേ എണ്ണി തീർന്നിട്ടുള്ളൂ. 20 കോടിയോളം രൂപയുടെ നാണയം കാണിക്കയായി കിട്ടിയെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.

 
നാണയം എണ്ണാൻ നിയോഗിച്ച ജീവനക്കാർക്കു വിശ്രമം നൽകാനാണ് ദേവസ്വം ബോർഡിന്‍റെ തീരുമാനം. തുടർച്ചയായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്നു പരാതി ഉയർന്നിരുന്നു. 70 ദിവസമായി ജീവനക്കാർ ജോലി ചെയ്യുകയാണ്. ബാക്കിയുള്ള നാണയങ്ങൾ ഫെബ്രുവരി 5 മുതൽ എണ്ണും.

വരവിന്റെ 40 ശതമാനത്തോളം ചെലവിനായി വിനിയോഗിച്ചു. അടുത്ത തീർത്ഥാടന കാലത്തേക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ഏലയ്ക്കയിലെ കീടനാശിനി കൊണ്ട് അരവണ ഉപയോഗയോഗ്യമല്ലാതാകുമോയെന്ന് പരിശോധിക്കും. ഇക്കാര്യം കോടതിയോട് ആവശ്യപ്പെടുമെന്നും ബോർഡ് പ്രസിസന്റ് പറഞ്ഞു.

പമ്പയിലെ ലാബിൽ ടെസ്റ്റ് ചെയ്താണ് എല്ലാം ഉപയോഗിക്കുന്നത്. ബോർഡിനു ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ല. ലൈസൻസ് എടുക്കണമെന്ന നിർദേശം വന്നാൽ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.