ശബരിമല മകരവിളക്ക് മഹോത്സവം നാളെ; സന്നിധാനത്ത് എഴുപതിനായിരം പേർക്ക് പ്രവേശനം

JH
പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവം നാളെ. കൂടുതൽ തീർത്ഥാടകരെത്തുന്നത് മുന്നിൽ കണ്ട് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. ഉച്ചയ്‌ക്ക് 2.30ന് മകര സംക്രമ പൂജയും വൈകിട്ട് 6.30 ഓടെ മകരവിളക്കും ഭക്തർക്ക് നാളെ ദർശിക്കാനാകും. 


മകരസംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധി ക്രിയകൾ ഇന്ന് പൂർത്തിയാകും.  എരുമേലിയിൽ നിന്നും പേട്ടതുള്ളിയെത്തിയ അമ്പലപ്പുഴ - ആലങ്ങാട്ട് സംഘങ്ങളുടെ പമ്പാ സദ്യ ഇന്ന് നടക്കും. വൈകിട്ട് പമ്പാ വിളക്കിന് ശേഷമാവും ഇരു സംഘങ്ങളും സന്നിധാനത്ത് എത്തുക.

മകരവിളക്ക് ദിവസമായ നാളെ എഴുപതിനായിരം പേർക്കാണ്സന്നിധാനത്തേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. എന്നാൽ വിരിവെച്ച് തങ്ങുന്ന ഭക്തരെ നിർബന്ധിച്ചു മലയിറക്കില്ലെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചിട്ടുള്ളത്. തിരക്ക് മുന്നിൽ കണ്ട് വൻ സുരക്ഷാ ക്രമീരണങ്ങളാണ് പൊലീസും ഇതര വകുപ്പുകളും സ്വീകരിച്ചിരിക്കുന്നത്.