×

രാമക്ഷേത്രം ഭൂരിപക്ഷത്തിന്റെ ആവശ്യമെന്ന സാദിഖലി തങ്ങളുടെ പരാമർശം വിവാദത്തിൽ:സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം

google news
F
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയെ അനുകൂലിച്ചുകൊണ്ടുള്ള മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ പ്രസംഗം വിവാദമാകുന്നു. ശ്രീരാമ ക്ഷേത്രം യാഥാര്‍ഥ്യമാണെന്നും, ബഹുഭൂരിപക്ഷം വരുന്ന ഒരു സമൂഹത്തിന്‍റെ ആവശ്യമാണെന്നും സാദിഖലി തങ്ങൾ പറഞ്ഞിരുന്നു. ജനുവരി 24ന് വയനാട് പുൽപ്പറ്റയിൽ നടത്തിയ പ്രസംഗമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. നിരവധി സോഷ്യൽ മീഡിയ പ്രൊഫൈലുകളും, നേതാക്കളും സാദിഖലി തങ്ങൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
     
പ്രസംഗത്തിലെ വിവാദം സൃഷ്‌ടിച്ച ഭാഗം
   
രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ആദരിക്കുന്ന, ബഹുമാനിക്കുന്ന ശ്രീരാമന് ക്ഷേത്രം. അതൊരു യാഥാര്‍ഥ്യമാണ്. അതില്‍ നിന്ന് പുറകോട്ട് പോകാന്‍ രാജ്യത്തിന് സാധിക്കില്ല. അത് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഒരു സമൂഹത്തിന്‍റെ ആവശ്യമാണ്. അത് അയോധ്യയില്‍ നിലവില്‍ വന്നു. പക്ഷെ അതില്‍ പ്രതിഷേധിക്കേണ്ട കാര്യം നമുക്കില്ല. ബഹുസ്വര സമൂഹത്തില്‍ ഓരോരുത്തര്‍ക്കും വിശ്വാസങ്ങളുണ്ട്, പാരമ്പര്യങ്ങളുണ്ട്, അനുഷ്ഠാനങ്ങളുണ്ട്, ആചാരങ്ങളുണ്ട്. അതിനനുസരിച്ച് മുന്നോട്ടുപോകുവാന്‍ നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യമുണ്ട്. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ നിലവില്‍ വന്ന ക്ഷേത്രം, കോടതിവിധിയുടെ അടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ കാത്തിരിക്കുന്ന ബാബരി മസ്ജിദ്. ഇതു രണ്ടും ഇന്ത്യയുടെ ഭാഗമാണ്. രണ്ടും ഇന്ത്യയുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ്. നമ്മള്‍ അതിനെ ഉള്‍ക്കൊളളുക.
ഇന്ത്യയുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ് രാമക്ഷേത്രവും ഇനി അവിടെ പണിയാന്‍ പോകുന്ന ബാബരി മസ്ജിദും. അത് കര്‍സേവകര്‍ തകര്‍ത്തത് നമുക്കറിയാം. നമുക്കതില്‍ പ്രതിഷേധമുണ്ടായിരുന്നു അക്കാലത്ത്. പക്ഷെ അവിടെ അതിനെ സഹിഷ്ണുതയോടെ നേരിടാന്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കു കഴിഞ്ഞു എന്നുളളതാണ്. പ്രത്യേകിച്ച് കേരളത്തില്‍, കേരളത്തിലാണല്ലോ മുസ്‌ലിംകള്‍ ഏറ്റവും വളരെ സെന്‍സിറ്റീവായും വളരെ ഊര്‍ജസ്വലതയോടെയും ജീവിക്കൂന്ന പ്രദേശം. പക്ഷെ ഇവിടെ അന്ന് രാജ്യത്തിന് മുഴുവന്‍ മാതൃക കാണിച്ചുകൊടുക്കാന്‍ നമ്മുടെ കേരളത്തിലെ മുസ്‌ലിംകള്‍ക്ക് കഴിഞ്ഞു. അന്ന് എല്ലാവരും ഉറ്റുനോക്കിയത് മറ്റാരെയുമായിരുന്നില്ല. തകര്‍ന്നത് ബാബരി മസ്ജിദാണ്, തകര്‍ക്കപ്പെട്ടത് യു.പിയിലാണ്, അയോധ്യയിലാണ്.പക്ഷെ രാജ്യവും രാഷ്ട്രീയ നേതൃത്വവുമൊക്കെ ഉറ്റുനോക്കിയത് ഇങ്ങ് തെക്കേ അറ്റത്തെ കേരളത്തിലേക്കാണ്. ഇവിടെ സമാധാനത്തിന്‍റെ പൂത്തിരി കത്തുന്നുണ്ടോ എന്നവര്‍ നോക്കി’.