സഞ്ജിത്ത് കൊലക്കേസ്: എൻഐഎ അന്വേഷിക്കണം; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി കെ സുരേന്ദ്രൻ

Sanjith murder case k surendran meets amit shah
 


പാലക്കാട്: പാലക്കാട്ടെ സഞ്ജിത്ത് കൊലക്കേസ് (sanjith murder case) എൻ.ഐ.എ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കണ്ടു. കരിവന്നൂർ സർവീസ് സഹകരണ ബാങ്കിലെ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയോട് സുരേന്ദ്രൻ അഭ്യർത്ഥിച്ചു. 

ഡല്‍ഹിയിലെ അമിത് ഷായുടെ വസതിയിലാണ് കൂടിക്കാഴ്ച്ച നടന്നത്. കേന്ദ്ര മന്ത്രിമാരായ വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവർക്കൊപ്പമാണ് സുരേന്ദ്രൻ അമിത്‌ഷായെ കണ്ടത്.

സംസ്ഥാന സർക്കാരും പൊലീസും ചേർന്ന് സഞ്ജിത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും എൻഐഎ അന്വേഷണം വേണമെന്നും സുരേന്ദ്രൻ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. തൃശൂർ സിപിഎം ഭരിക്കുന്ന കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പിൽ സിബിഐ അന്വേഷണം നടത്തണമെന്നും ബിജെപി അധ്യക്ഷൻ കേന്ദ്രമന്ത്രിയോട് അഭ്യർത്ഥിച്ചു. 

സഞ്ജിത്തിന്റെ കൊലപാതകത്തിൽ തീവ്രവാദ ബന്ധമുണ്ട്. കഴിഞ്ഞ കുറച്ച് കാലമായി സഞ്ജിത്തിനെ തീവ്രവാദികൾ വേട്ടയാടിയിരുന്നു. കൊലപാതകത്തിന്റെ ആസൂത്രണത്തിലും രീതിയിലുമെല്ലാം ഇത് തീവ്രവാദി അക്രമമാണെന്ന് വ്യക്തമാണ്. കേരളത്തിൽ ശക്തിപ്പെടുന്ന മതതീവ്രവാദ ശക്തികളെക്കുറിച്ചാണ് ഇന്ന് ചർച്ച നടത്തിയത് എന്നും സുരേന്ദ്രൻ വ്യക്തമാക്കി.

അതിനിടെ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് ഭാരവാഹി അറസ്റ്റിലായി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് അറസ്റ്റിലായത്. സഞ്ജിത്തിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരിൽ ഒരാളാണ് അറസ്റ്റിലായത്. പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ പേരും വിലാസവും ചിത്രവും പുറത്തുവിടാനാവില്ലെന്നും മുഴുവൻ പ്രതികളുടെയും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.