തിരുവനന്തപുരം: സർക്കാർ ഓഫീസുകള്‍ക്ക് ശനിയാഴ്ചകള് വീണ്ടും പ്രവൃത്തി ദിവസമാക്കി സർക്കാർ ഉത്തരവിറക്കി. കോവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് സർക്കാർ ഓഫീസുകള്‍ക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചത്. ഇപ്പോൾ വൈറസ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ശനിയാഴ്ച വീണ്ടും പ്രവൃത്തി ദിവസമാക്കാൻ തീരുമാനിച്ചത്.
വരുന്ന ശനിയാഴ്ച മുതൽ ഉത്തരവ് ബാധകമായിരിക്കും. മുഴുവൻ ഉദ്യോഗസ്ഥരും ശനിയാഴ്ചകളിൽ ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ചേരുന്ന അവലോകന യോഗത്തിലാവും അന്തിമ തീരുമാനം.
Comments