×

ബജറ്റ് അവഗണനയ്ക്കും ശമ്പള നിഷേധത്തിനുമെതിരെ സ്കൂൾ പാചക തൊഴിലാളികളുടെ പ്രതിഷേധം 12ന്

google news
Sb
ബജറ്റ് അവഗണനയ്ക്കും ശമ്പള നിഷേധത്തിനും എതിരെ ഫെബ്രുവരി 12ന് വിദ്യാഭ്യാസ ഡയറക്ടർ ജനറലിന്റെ ഓഫീസിന് മുമ്പിലും തെരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ ഉപജില്ലാ ഓഫീസുകൾക്ക് മുമ്പിലും തൊഴിലാളി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ ഐ ടി യു സി) സംസ്ഥാന ജനറൽ സെക്രട്ടറി പി ജി മോഹനൻ അറിയിച്ചു.
   
തങ്ങളുടെ മൂന്നാമത്തെ ബജറ്റിലും സ്കൂൾ പാചക തൊഴിലാളികൾക്ക് ഒരു രൂപ പോലും നീക്കി വെക്കാതിരുന്ന സംസ്ഥാന സർക്കാരിന്റെ നടപടിയിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. സ്കൂൾ പാചക തൊഴിലാളികൾക്ക് ഓരോ വർഷത്തെ ബജറ്റിലും ചെറിയ വേതന വർദ്ധനവ് നൽകുക എന്നതായിരുന്നു മുൻ സർക്കാരുകളുടെ കീഴ് വഴക്കം. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം, ജോലി ചെയ്തതിന്റെ തൊട്ടടുത്ത മാസം വേതനം നൽകുന്ന രീതി അവസാനിച്ചു. ഡിസംബർ, ജനുവരി മാസങ്ങളിലെ ശമ്പളം ലഭിക്കാത്തതിനാൽ പാചക തൊഴിലാളികൾ കടുത്ത ദുരിതത്തിലാണിപ്പോൾ.
      
എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സംസ്ഥാന പ്രസിഡന്റ്‌ ടി ജെ ആഞ്ചലോസ്, തുടങ്ങിയ പ്രമുഖ നേതാക്കൾ വിവിധ കേന്ദ്രങ്ങളിലെ സമരം ഉദ്ഘാടനം ചെയ്യും. വി കെ ലതിക അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പി ജി മോഹനൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. പി പ്രദീപ്‌, അലീസ് തങ്കച്ചൻ, ബാബു ചിങ്ങാരത്ത്, അനിത അപ്പുകുട്ടൻ, മുകേഷ് ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
 

Tags