രണ്ടാം പിണറായി സർക്കാർ ഇന്ന് മൂന്നാം വർഷത്തിലേക്ക്; പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കും, വിവാദങ്ങളിലും വികസന നേട്ടങ്ങൾ ഉയർത്തി മുന്നോട്ട്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ ഇന്ന് മൂന്നാം വർഷത്തിലേക്ക് കടക്കും. മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് വരെ അഴിമതി ആരോപണം ഉയരുന്നതിനിടെയാണ് മൂന്നാം വാർഷികം. എ.ഐ ക്യാമറ ഉൾപ്പെടെയുള്ള വിവാദ പരമ്പരകൾക്കിടെയാണ് വാർഷികം എത്തുന്നതെങ്കിലും നടത്തിയ വികസനങ്ങൾ ചൂണ്ടികാണിച്ചാകും വാർഷികാഘോഷം കെങ്കേമമാക്കുക. ചരിത്രമായ ഭരണത്തുടർച്ച നേടിയാണ് സർക്കാർ അധികാരത്തിലേറിയത്.
സർക്കാരിന്റെ പ്രോഗ്രസ് കാർഡ് ഇന്ന് പുറത്തിറക്കും. രണ്ട് വർഷത്തെ സർക്കാർ പ്രോഗ്രസ് കാർഡിൽ മുന്നിൽ പാത വികസനമാണ്. വടക്ക് നിന്നും തെക്ക് വരെ 6 വരി പാത നിർമ്മാണത്തിൻ്റെ പുരോഗതി അതിവേഗം. സ്ഥലമേറ്റെടുക്കൽ കടമ്പ മറികടക്കാനായത് വലിയ നേട്ടമാണ്. രണ്ട് വർഷം കൊണ്ട് ലൈഫ് മിഷനിൽ പൂർത്തിയായത് 50,650 വീടുകളാണ്.
വടക്ക് മുതൽ തെക്ക് വരെയുള്ള ആറുവരി പാതയുടെ അതിവേഗ നിർമ്മാണം അടക്കം സർക്കാർ ഉയർത്തിക്കാട്ടുന്നത് നിരവധി വികസനമാതൃകകളാണ്.
പുതിയ സർക്കാർ രണ്ട് വർഷം പിന്നിടുമ്പോൾ ആരോപണമുന ഏറ്റവുമധികം മുഖ്യമന്ത്രിക്ക് നേരെയാണ്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെയായിരുന്നു ഇതുവരെ ആരോപണങ്ങൾ. മകൻ്റെ ഭാര്യാപിതാവിൻ്റെ സ്ഥാപനത്തിലേക്കടക്കമാണ് ഇപ്പോൾ റോഡിലെ ക്യാമറ വിവാദത്തിൻ്റെ ഫോക്കസ്. അഴിമതി ലവലേശമില്ലെന്നാണ് അവകാശവാദം. പക്ഷെ ഉയരുന്ന ഓരോ ആരോപണങ്ങൾക്കും കൃത്യമായ മറുപടിയില്ലാത്തത് സർക്കാറിനെ സംശയ നിഴലിലാക്കുന്നു.