കോവിഡ് മരണ കണക്കുകളിൽ ഗുരുതര വീഴ്ച്ച; നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി പ്രതിപക്ഷം

Niyamasabha
 തിരുവന്തപുരം: കോവിഡ്  മരണക്കണക്കുകളിലെ വീഴ്ചകൾ  ചൂണ്ടിക്കാട്ടി നിയമസഭയിൽ വീണ്ടും പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടി. കോവിഡ് ധനസഹായ വിതരണത്തിലെ അപര്യാപ്തത സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. പ്രതിപക്ഷ നിരയിൽ നിന്നും കുണ്ടറ എംഎൽഎ പി.സി.വിഷ്ണുനാഥാണ് പ്രമേയം അവതരിപ്പിച്ചത്.

സംസ്ഥാനത്തെ കൊവിഡ് മരണപ്പട്ടിക അപൂർണ്ണമാണെന്നും പട്ടികയിലെ അപാകത പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകികൊണ്ട് എംഎൽഎ പി സി വിഷ്ണുനാഥ് പറഞ്ഞു. സുപ്രിം കോടതിയുടെ നിർദേശ പ്രകാരം അർഹതപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

അതേസമയം പട്ടികയിൽ ഇല്ലാത്ത മരണങ്ങൾ ഉൾപെടുത്താൻ പോർട്ടൽ തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് മറുപടി നൽകി . 30 ദിവസത്തിനകമുള്ള മരണം കൊവിഡ് മരണമായി കണക്കാക്കുമെന്നും കേന്ദ്ര നിർദേശം വന്ന ഉടൻ നഷ്ടപരിഹാരം നൽകുന്നതിന് നടപടി തുടങ്ങിയെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. കൂടാതെ പരാതി പരിഹരിക്കുന്നതിന് ജില്ലാ തലത്തിൽ സമിതിയെ നിയോഗിച്ചെന്നു പറഞ്ഞ ആരോഗ്യമന്ത്രി മികച്ച രീതിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത് കേരളമെണെന്നും കൂട്ടിച്ചേർത്തു. ഓക്സിജൻ ലഭിക്കാതെ ഒരാൾ പോലും മരിച്ചിട്ടില്ല. വാക്‌സിനേഷനിലും ഊർജിത നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വീണ ജോർജ് പറഞ്ഞു.