സർക്കാരിന് തിരിച്ചടി; പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു

supreme

ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ തുടങ്ങാനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഈ മാസം 13 വരെയാണ് സ്റ്റേ. ഇതോടെ പ്ലസ് വൺ പരീക്ഷ മാറ്റിവെക്കും. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയല്ല പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്ന് വിലയിരുത്തിയാണ് സുപ്രീംകോടതിയുടെ നടപടി. 

കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.  ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പ്ലസ് വണ്‍ പരീക്ഷ ഓഫ്ലൈന്‍ ആയി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആറ്റിങ്ങല്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനും കോണ്‍ഗ്രസ് കടയ്ക്കാവൂര്‍ മണ്ഡലം പ്രസിഡന്റുമായ റസൂല്‍ ഷാനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

സംസ്ഥാനത്തെ ടിപിആര്‍. നിരക്ക് 15 ശതമാനത്തില്‍ അധികമാണ്. രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ അമ്പത് ശതമാനത്തില്‍ അധികം കേരളത്തിലാണ്. പ്ലസ് വണ്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ വാക്സിന്‍ സ്വീകരിച്ചവരല്ല. മോഡല്‍ പരീക്ഷ ഓണ്‍ലൈന്‍ ആയാണ് നടത്തിയത്. ഇനി രണ്ടാമത് ഒരു പരീക്ഷ ആവശ്യമില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

പരീക്ഷ മാറ്റണമെന്ന ആവശ്യവുമായി പ്രതിപക്ഷവും രംഗത്ത് വന്നിരുന്നു. കെഎസ്‌യു ഉപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളും ഇതേ നിലപാടായിരുന്നു സ്വീകരിച്ചത്