മദ്യലഹരിയില്‍ അച്ഛന്‍ മര്‍ദിച്ച ഏഴുവയസ്സുകാരി ഗുരുതരാവസ്ഥയിൽ

go

കായംകുളം: മദ്യലഹരിയില്‍ അച്ഛന്‍ മര്‍ദിച്ച ഏഴുവയസ്സുകാരി ഗുരുതരാവസ്ഥയിൽ.സംഭവശേഷം രക്ഷപ്പെട്ട അച്ഛന്‍ പത്തിയൂര്‍ തോട്ടംഭാഗം രാജേഷ്ഭവനത്തില്‍ രാജേഷി(36)നെ അറസ്റ്റുചെയ്തു. ന്യൂറോസര്‍ജറി വിഭാഗത്തിന്റെ നിരീക്ഷണത്തിലാണു കുട്ടി. തലയോട്ടിക്കു പൊട്ടലുണ്ട്. ഇപ്പോള്‍ ബോധമുണ്ടെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണു സംഭവം. ടൈല്‍ പണിക്കാരനായ രാജേഷ് സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യ ഷംനയുമായി വഴക്കിടാറുണ്ടായിരുന്നു. രാജേഷ് ഷംനയെ മര്‍ദിക്കുന്നതുകണ്ട് മൂത്ത രണ്ടുകുട്ടികള്‍ പേടിച്ച് അടുത്തപറമ്പില്‍ ഓടിയൊളിച്ചു. ഷംനയെ കഴുത്തില്‍ ഷാളിട്ടു മുറുക്കുന്നതുകണ്ട് തടയാന്‍ ഓടിയെത്തിയ അനര്‍ഷയെയും തല്ലി. തുടര്‍ന്ന് കാലില്‍പ്പിടിച്ചു പൊക്കിയെടുത്ത് എറിയുകയായിരുന്നു. തലയ്ക്കു സാരമായി പരിക്കേറ്റ കുട്ടിയുടെ ബോധം നഷ്ടപ്പെടുകയും ചെയ്തു.തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ വാര്‍ഡംഗം അമ്പിളി ഷാജിയും നാട്ടുകാരും ചേര്‍ന്നാണു കുട്ടിയെ താലൂക്കാശുപത്രിയില്‍ എത്തിച്ചത്. നില ഗുരുതരമായതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ആറാട്ടുപുഴ സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിയാണ് അനര്‍ഷ. കുട്ടിയുടെ രണ്ടുസഹോദരന്‍മാരെ ശിശുസംരക്ഷണസമിതി ഏറ്റെടുത്തു. ഷംന മകളോടൊപ്പം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.