'ഞാനപ്പഴേ പറഞ്ഞില്ലേ പദയാത്ര മതീന്ന്... ലൈവാണ്, ഡിലീറ്റ്‌ ചെയ്യ്'; വൈറലായി ഷാഫി പറമ്പിലിന്‍റെ വീഡിയോ; പിന്നാലെ ട്രോള്‍

shafi


തിരുവനന്തപുരം: രാജ്യത്തെ ഇന്ധന വില വര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍​ഗ്രസ് നടത്തിയ സൈക്കിള്‍ റാലിക്കിടയില്‍ സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞൊരു തമാശ കൈവിട്ട് പോയി.

'ഞാനപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്' എന്ന് പ്രവര്‍ത്തകരോട് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പരിപാടിക്കെതിരെ വിമര്‍ശനവും പരിഹാസവുമായി നിരവധിപേര്‍ രം​ഗത്തെത്തി.

റാലി നടക്കുന്നതിനിടെയാണ് ഷാഫി ഇക്കാര്യം സഹപ്രവര്‍ത്തകകരോട് പറയുന്നത്. എന്നാല്‍, ഈ സമയം ലൈവ് പോകുകയാണെന്ന് കൂടെയുളളവര്‍ ഓര്‍മിപ്പിക്കുകയും അദ്ദേഹം ഡിലീറ്റ് ചെയ്യാന്‍ പറയുന്നതും വീഡിയോയില്‍ കാണാവുന്നതാണ്. എന്നാല്‍ വീഡിയോ ഡീലീറ്റായപ്പോഴേക്കും വീഡിയോ എത്തേണ്ടിടത്ത് എത്തിയിരുന്നു.

വീഡിയോ ഇപ്പോള്‍ ട്രോളുകളായി ഇടത് അനുകൂല പേജുകളിലടക്കം വ്യാപകമായി പ്രചരിക്കുകയാണ്. വോട്ടിന് വേണ്ടിയുള്ള നാടകമെന്ന് പറഞ്ഞാണ് സാമൂഹിക മാധ്യമങ്ങളിലെ ഇടത് ഹാന്‍ഡിലുകള്‍ ഷാഫിയെ ട്രോളുന്നത്. 

എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഒരു വാക്ക് മിണ്ടാത്ത ഡിവൈഎഫ്‌ഐക്കാരാണ് 100 കിലോമീറ്റര്‍ സൈക്കിള്‍ യാത്ര നടത്തിയ ഷാഫിയെ പരിഹസിക്കുന്നതെന്ന് കോണ്‍ഗ്രസും തിരിച്ചടിച്ചു.  സൈക്കിള്‍ റാലിയാണെങ്കിലും പദയാത്രയാണെങ്കിലും പ്രതിഷേധിക്കുന്ന കാര്യം തന്നൈയാണ് പറഞ്ഞതെന്ന് കോണ്‍ഗ്രസ് അനുകൂലികള്‍ മറുപടി നല്‍കി.