മോദി പ്രധാനമന്ത്രി ആയാൽ രാജ്യത്തിന് ദുരന്തമാകുമെന്ന മന്‍മോഹന്‍സിങിൻ്റെ വാക്കുകൾ ഓർമിപ്പിച്ച് ഷാഫി പറമ്പിൽ

shafi parambil
തിരുവനന്തപുരം: സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ പുലര്‍ത്തുന്ന സമീപനം പരാജയമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. പ്ലസ് വണ്‍ പ്രവേശനത്തിനു ഒരു പ്രശ്നവും ബാക്കിയുണ്ടാകില്ലെന്ന് പറഞ്ഞ വിദ്യാഭ്യാസ വകുപ്പ് മറുപടി പറയണമെന്ന് എംഎല്‍എ പറഞ്ഞു. 

'പഠിക്കേണ്ടത് ഗാന്ധിജിയെയും നെഹ്റുവിനെയുമാണ്. കപട രാജ്യസ്നേഹികളെയല്ലെന്ന് നാടിന്‍റെ ചരിത്രം അറിയാവുന്ന യഥാര്‍ഥ രാജ്യസ്നേഹികള്‍ക്കറിയാം'. ഇത് പരിശോധിക്കാമെന്ന് മാത്രം പറഞ്ഞ സര്‍ക്കാരിനെ ഷാഫി വിമര്‍ശിച്ചു. സവര്‍ക്കറെയും, ഗോള്‍വാക്കറെയും, ഗോഡ്സേയുമൊക്കെ ആരാധിക്കുന്ന ആളുകളിലേക്ക് ഭരണം വന്നാലുണ്ടാകുന്ന ആപത്ത് തിരിച്ചറിയണം. ഇന്ന്  മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ രാജ്യത്തിനു ദുരന്തമാകുമെന്ന് പ്രവാചകനെ പോലെ മന്‍മോഹന്‍സിങ് പറഞ്ഞപ്പോള്‍ പരിഹസിച്ചവര്‍ അപകടത്തെ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടെന്നും ഷാഫി പറഞ്ഞു. 

കര്‍ഷക പ്രതിഷേധത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെയും ഷാഫി കുറ്റപ്പെടുത്തി. തമിഴ്‌നാട്  മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രതികരിച്ചു, മമത ബാനർജി പ്രതികരിച്ചു, ബിജെപിയുടെ വൃത്തികേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന വരുണ്‍ ഗാന്ധി പോലും പ്രതികരിച്ചു. നമ്മുടെ മുഖ്യമന്ത്രിയോ..? എന്ന് ഷാഫി ചോദിച്ചു. മനുഷ്യശരീരത്തിനു മേലെ വാഹനങ്ങളൊടിച്ച് ആളുകളെ കൊന്നു രസിച്ചവനിപ്പോഴും പുറത്തിറങ്ങിനടക്കുന്ന രാഷ്ട്രീയത്തിന്‍റെ പേരാണ് ബിജെപിയുടേത്. അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ആശയങ്ങളെ കേരളത്തിന്‍റെ സര്‍വകലാശാലകളില്‍ പഠിപ്പിക്കില്ലെന്ന ഉറച്ച തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് ആര്‍ജ്ജവമുണ്ടാകണമെന്ന് ഷാഫി പറഞ്ഞു.