ഷാരോണ്‍ വധം: ഗ്രീഷ്‌മ ആശുപത്രി വിട്ടു; ഇനി അട്ടക്കുളങ്ങര ജയിലിൽ

ഷാരോണ്‍ വധം: ഗ്രീഷ്‌മ ആശുപത്രി വിട്ടു; ഇനി അട്ടക്കുളങ്ങര ജയിലിൽ

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്‌മ ആശുപത്രി വിട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌ത പ്രതിയെ പൊലീസ് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി.

കസ്റ്റഡിയിലിരിക്കെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫിസില്‍ വെച്ച് ആത്മഹത്യ ശ്രമം നടത്തിയതിന് പിന്നാലെയാണ് ഗ്രീഷ്മയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നത്.  

രണ്ട് ദിവസം മുന്‍പ് ഡിവൈഎസ്പി ഓഫിസിന് പുറത്തെ ശുചിമുറിയില്‍ വച്ചാണ് ഗ്രീഷ്മ അണുനാശിനി കുടിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. തൊണ്ടയിലും അന്നനാളത്തിലും മുറിവുണ്ടായതിനെത്തുടര്‍ന്ന് ഗ്രീഷ്മയെ ഐസിയുവിലാണ് പ്രവേശിപ്പിച്ചിരുന്നത്.

പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയില്‍ ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഡിസ്ചാര്‍ജ് നല്‍കിയത്. കസ്റ്റഡി ഒഴിവാക്കാന്‍ ഗ്രീഷ്മ മനപൂര്‍വം ആശുപത്രിയില്‍ തുടരുന്നുവെന്നാണ് ഇന്നും പൊലീസ് ആരോപിച്ചത്. അതേസമയം ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇന്ന് അപേക്ഷ നല്‍കി.

 
അതേസമയം, കേസിൽ കേരള പൊലീസിന് അന്വേഷണം തുടരാം. കേസ് അന്വേഷണത്തിന് തടസമില്ലെന്നാണ് നിയമോപദേശം. തമിഴ്‌നാട്‌ പൊലീസുമായി സഹകരിച്ച് അന്വേഷിക്കാമെന്നും നിയമോപദേശം ലഭിച്ചു.

കേസ് തമിഴ്‌നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പുനൽകിയതായി ഷാരോണിന്റെ കുടുംബം അറിയിച്ചിരുന്നു. നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ഷാരോണിന്റെ മാതാപിതാക്കൾ പറഞ്ഞു.

ഷാരോൺ മരിക്കുന്നത് കേരളത്തിലാണെങ്കിലും ഗ്രീഷ്മ വിഷം നൽകിയത് തമിഴ്‌നാട്ടിലെ രാമവർമൻചിറയിലെ വീട്ടിൽ വെച്ചാണ്. ഇത് തമിഴ്നാട് പോലീസിന്റെ പരിധിയിലുള്ള സ്ഥലമാണ്. അതിനാൽ കേസ് തമിഴ്‌നാടിന് കൈമാറുമോ എന്ന സംശയം നേരത്തെ തന്നെ നിലനിന്നിരുന്നു. എന്നാൽ, കേസ് തമിഴ്‌നാടിന് കൈമാറരുതെന്നായിരുന്നു ഷാരോണിന്റെ കുടുംബത്തിന്റെ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു.