കോൺഗ്രസ് വേദിയിൽ പാർട്ടിയുടെ പ്രത്യയ ശാസ്ത്രം പറയുന്നതിൽ ആരും വിലക്കിയിട്ടില്ല; പരസ്യപ്രതികരണം പാടില്ലെന്ന് പറഞ്ഞത് കാര്യമാക്കുന്നില്ലെന്ന് തരൂർ

shashi tharoor
 

 
കോഴിക്കോട്: പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പറഞ്ഞത് കാര്യമാക്കുന്നില്ലെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. കോൺഗ്രസ് വേദിയിൽ പാർട്ടിയുടെ പ്രത്യയ ശാസ്ത്രം പറയുന്നതിൽ ആരും വിലക്കിയിട്ടില്ല. വിലക്ക് വിവാദമായത് അത്ഭുതം തോന്നിയെന്ന് പറഞ്ഞ ശശി തരൂർ, ഇതേക്കുറിച്ച് രാഘവൻ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതികരിച്ചു. പാര്‍ട്ടി അന്വേഷിക്കട്ടെ എന്നും ശശി തരൂർ പറഞ്ഞു. കോഴിക്കോട്ട് ബാര്‍ അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ ഐക്യം തകര്‍ക്കുന്ന പരസ്യപ്രതികരണം പാടില്ലെന്ന കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.യുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് തരൂരിന്റെ പ്രതികരണം. കെ സുധാകരൻ, വിഡി സതീശൻ തുടങ്ങിയവരെ ലക്ഷ്യമിട്ട് കെ മുരളീധരൻ പ്രതികരിച്ചതോടെ തരൂരിനെ വിലക്കിയ വിവാദം മുറുകി. മുഖ്യമന്ത്രി കുപ്പായം തുന്നിയവരാണ് വിലക്കിന് പിന്നിലെന്ന് മുരളീധരൻ പറഞ്ഞതോടെ സതീശനും സുധാകരനും വെട്ടിലായി. നേതാക്കളെ പേരെടുത്ത് കുറ്റപ്പെടുത്തുന്നില്ലെങ്കിലും അന്വേഷണം വേണമെന്ന് ആവർത്തിച്ചാവശ്യപ്പെടുകയാണ് തരൂരും എം കെ രാഘവനും. 


കോണ്‍ഗ്രസിന്റെ ഐക്യത്തെയും കെട്ടുറപ്പിനെയും ബാധിക്കുന്ന പ്രവര്‍ത്തനങ്ങളും പരസ്യപ്രതികരണങ്ങളും ആരുടെയും ഭാഗത്തുനിന്നുണ്ടാകരുത് എന്നായിരുന്നു തിങ്കളാഴ്ച കെ. സുധാകരന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. ശശി തരൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പൊതുജനമധ്യത്തില്‍ കോണ്‍ഗ്രസിന് അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികളില്‍നിന്ന് നേതാക്കള്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ശശി തരൂരിനെ വിലക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അത് ശശി തരൂര്‍ തന്നെ നിഷേധിച്ചിട്ടുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു.