പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണം; സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

supreme

ന്യൂഡൽഹി;പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. ഓൺലൈനായി പരീക്ഷ നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീംകോടതിയിൽ സത്യവാംങ്മൂലം നൽകി. പരീക്ഷയ്ക്കായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഒരുക്കിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. 

ഏപ്രിലിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ വിജയകരമായി നടത്തിയിരുന്നു. എഞ്ചിനീയറിങ് പരീക്ഷകളും വിജയകരമായി നടത്തി. എന്നാൽ ഓൺലൈൻ പരീക്ഷ നടത്തുന്നത് പ്രായോഗികമല്ല. മൊബൈൽ ഫോൺ പോലും ലഭ്യമാകാൻ കഴിയാത്ത വിദ്യാർത്ഥികളുണ്ടെന്നും ഓൺലൈൻ പരീക്ഷ തീരുമാനിച്ചാൽ അവർക്ക് പരീക്ഷയെഴുതാൻ കഴിയില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. 

പ്ലസ് വൺ പരീക്ഷ നടത്തിയാൽ മാത്രമേ പ്ലസ് ടു കോഴ്സ് വിജയകരമായി പൂർത്തിയാക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കുകയുള്ളു. അതിനാൽ എഴുത്തു പരീക്ഷ നടത്താൻ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ പൊതുതാൽപര്യഹർജികൾ തള്ളണമെന്നും സത്യവാങ്‌മൂലത്തിൽ സർക്കാർ ആവശ്യപ്പെട്ടു.