
ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി ഡാമിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി. സംഭവവുമായി ബന്ധപ്പെട്ട് ആറ് പോലീസുകാരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. ഒറ്റപ്പാലം സ്വദേശി ഡാമിൽ എത്തിയ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്കെതിരെ ആണ് നടപടി. പരിശോധനയിൽ വീഴ്ച വരുത്തിയതിനാണ് സസ്പെൻഷൻ എന്നാണ് ഔദ്യോഗിക വിശദീകരണം.
സംഭവത്തിൽ പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. വിദേശത്തേക്ക് കടന്ന പ്രതിക്കായി പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. അണക്കെട്ടിൽ അതിക്രമിച്ച് കയറി ഹൈമാസ്റ്റ് ലൈറ്റുകളുടെ കീഴിൽ താഴിട്ട് പൂട്ടുകയും ഡാമിന്റെ ഷട്ടർ ഉയർത്തുന്ന റോപ്പിൽ ദ്രാവകമൊഴിക്കുകയും ചെയ്ത കേസിലെ പ്രതി വിദേശത്തേക്ക് കടന്ന സാഹചര്യത്തിലാണ് നടപടി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇമിഗ്രേഷൻ അധികൃതർക്കും സർക്കുലർ കൈമാറി.
സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് പോലീസിൻറെ രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തീവ്രവാദം ബന്ധം ഉൾപ്പെടെ സംശയിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര - സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തണം എന്നാണ് ആവശ്യം. അണക്കെട്ടിലെ സുരക്ഷ സംബന്ധിച്ച് ആർക്കെങ്കിലും സൂചന നൽകാനാണോയെന്നും സംശയിക്കുന്നുണ്ട്. ഒറ്റപ്പാലം സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ കൃത്യമായി കാര്യങ്ങൾ അറിയാൻ കഴിയൂവെന്നാണ് പോലീസിൻറെ നിലപാട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം