വീട്ടമ്മയെയും ടാക്‌സി ഡ്രൈവറെയും ചേർത്ത് അപവാദപ്രചരണം; പരാതിയുമായി എത്തിയ വീട്ടമ്മയെ പിന്തിരിപ്പിക്കാൻ പോലീസ് ശ്രമം

rasiya kuttippuram
മലപ്പുറം: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചയാൾക്കതിരെ പരാതി നൽകാനെത്തിയെ സ്ത്രീയെ സ്വാധീനിക്കാൻ പോലീസിന്റെ ശ്രമം. കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പ്രമോദിനെതിരെയാണ് പരാതി. പരാതി നല്‍കാന്‍ എത്തിയപ്പോഴും പിന്നീട് മൊഴിയെടുക്കുന്ന സമയത്തും തന്നെ കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പ്രമോദ് ശ്രമിച്ചെന്നാണ് പരാതി. കുറ്റിപ്പുറം സ്വദേശി പാപ്പിനിശ്ശേരി റസിയയാണ് പരാതിയുമായി രംഗത്തെത്തിയത്

വീട്ടമ്മയെ കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചതായാണ് പരാതി. തന്നെ വാട്‌സപ്പ് ഗ്രൂപ്പുകളിലും നേരിട്ടും അപമാനിച്ചയാള്‍ക്കെതിരെ പരാതി നല്‍കാന്‍ എത്തിയപ്പോഴും പിന്നീട് മൊഴിയെടുക്കുന്ന സമയത്തും കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ പ്രമോദ് തന്നെ കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി കുറ്റിപ്പുറം സ്വദേശി പാപ്പിനിശ്ശേരി റസിയയാണ് രംഗത്തെത്തിയത്.

സംഭവത്തെ കുറിച്ച് റസിയ പറയുന്നതിങ്ങനെ;

മക്കളുമൊത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തന്നെയും പ്രദേശത്തുള്ള ടാക്‌സി ഡ്രൈവറെയും ചേര്‍ത്തു പ്രദേശത്തുള്ളയാള്‍ അപവാദങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. അവിഹിത ബന്ധത്തിനിടെ നാട്ടുകാര്‍ കയ്യോടെ പിടികൂടി എന്ന തരത്തില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും പ്രചരിപ്പിക്കുകയായിരുന്നു. ഞങ്ങളുടെ സമീപത്തുള്ളവര്‍ ഇത്തരത്തിലൊരു സംഭവം നടന്നില്ലെന്ന് അറിയിച്ചിട്ടും പ്രതി ഇത്തരം അപവാദപ്രചരണം തുടര്‍ന്നു. 

ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെയും പ്രായപൂര്‍ത്തിയായ മക്കളുടെയും നിര്‍ദ്ദേശപ്രകാരം കുറ്റിപ്പുറം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കുറ്റിപ്പുറം സിഐ തനിക്ക് അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ പ്രമോദ് നിങ്ങളുടെ പരാതിയില്‍ തെളിവുകളില്ലെന്നും കോടതി തള്ളും എന്നുള്ള വാദം ഉന്നയിച്ചു തന്നെ മാനസികമായി തളര്‍ത്തുകയും കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. 

തന്നെപ്പറ്റി മഹല്ല് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ അപവാദം പ്രചരിപ്പിച്ച പ്രതിയുടെ മൊബൈല്‍ നമ്പര്‍ അടക്കം നല്‍കിയിട്ടും ഇയാള്‍ക്കെതിരെ തെളിവില്ല എന്നാണ് ഈ പോലീസുകാരന്‍ പറഞ്ഞത്. പോലീസുകാരന്റെ നടപടി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും വനിതാ കമ്മീഷനും പരാതി നല്‍കുമെന്ന് റസിയ പറഞ്ഞു. 

അതേസമയം, സ്ത്രീത്വത്തെ അപമാനിച്ച പ്രതിയായ പി.കെ. മുഹമ്മദലിയെ അറസ്റ്റ് ചെയ്തു ഉടൻ ജാമ്യത്തില്‍ വിടുകയാണ് പോലീസ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനോ തെളിവെടുക്കാനോ ഒന്നും പോലീസ് ശ്രമിക്കുന്നില്ലെന്നും പരാതിയുണ്ട്..