ഡോ. വന്ദനയുടെ വീട്ടിലെത്തി അസ്ഥിത്തറയിൽ പ്രണാമം അർപ്പിച്ച് മന്ത്രിമാരായ സ്മൃതി ഇറാനിയും മുരളീധരനും

കോട്ടയം: അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്റെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രിമാർ. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവരാണ് ഡോ. വന്ദനയുടെ കുറുപ്പന്തറയിലെ വീട് സന്ദർശിച്ചത്.
വൈകിട്ട് ആറിന് വീട്ടിലെത്തിയ മന്ത്രിമാർ ഡോ. വന്ദനയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. വീടിന് സമീപത്തുള്ള അസ്ഥിത്തറയിൽ ഇരുവരും പ്രണാമം അർപ്പിക്കുകയും ചെയ്തു.
മാതാപിതാക്കളെ ആശ്വസിപ്പിച്ച മന്ത്രി സ്മൃതി ഇറാനി കുടുംബത്തിന്റെ വേദനയില്‍ പങ്കു ചേരുന്നതായി അറിയിച്ചു. കോട്ടയത്തെ ബി.ജെ.പി നേതാക്കളും മന്ത്രിയെ അനുഗമിച്ചു.
ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ബി.എം.സിന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം റോഡു മാര്‍ഗമാണ് കോട്ടയത്തെത്തിയത്.
അടുത്തിടെ, കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു വന്ദന ആക്രമിക്കപ്പെട്ടത്. പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി സന്ദീപ് അതിക്രമം കാണിക്കുകയായിരുന്നു. വനിതാ ഡോക്ടറും പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേരെ യുവാവ് കുത്തുകയായിരുന്നു. പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവമുണ്ടായത്.
കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഡോ. വന്ദന വൈകാതെ മരിക്കുകയായിരുന്നു. വീട്ടിൽ വെച്ച് സന്ദീപ് ആക്രമണങ്ങൾ നടത്തിയതിനെ തുടർന്ന് ബന്ധുക്കളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിക്കുകയായിരുന്നു ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ പ്രതി ആശുപത്രിയിൽ ഉണ്ടായിരുന്നവരെ കുത്തി. പുറകിലും നെഞ്ചിലും കുത്തേറ്റ് സാരമായി പരിക്കേറ്റ വന്ദന മരണത്തിന് കീഴടങ്ങുകയായിരുന്നു.