×

പ്രതികള്‍ മരിച്ചാലും തീരില്ല, എസ്എന്‍സി ലാവ്ലിന്‍ കേസ്

google news
.

പ്രതീക്ഷ തെറ്റിക്കാതെ എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് വീണ്ടും സുപ്രീം കോതി മാറ്റിവെച്ചിരിക്കുകയാണ്. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറുപോലെ 37-ാം തവണയും മാറ്റിവെയ്ക്കാന്‍ വേണ്ടി മാത്രം കോടതി ചേര്‍ന്നു. ഈ നൂറ്റാണ്ടിലൊന്നും കേസില്‍ വിധി വരുമെന്ന പ്രതീക്ഷ മലയാളികള്‍ക്കില്ല. പ്രതികള്‍ വയസ്സായി വാര്‍ധക്യ സഹജരോഗം ബാധിച്ച് മരണപ്പെട്ടാലും ലാവ്ലിന്‍ കേസ് മാറ്റിവെച്ച് മാറ്റിവെച്ച് റെക്കോഡിട്ട് അടുത്ത തലമുറക്ക് കൈമാറുമെന്ന് ഉറപ്പാണ്. 

.

ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചിന്റെ മുന്നില്‍ വന്ന കേസെടുക്കാന്‍ സിബിഐക്ക് താല്‍പര്യമില്ലെന്നും, കേസ് മുപ്പത് തവണ മാറ്റിയെന്നും കക്ഷികളില്‍ ഒരാളുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, കോടതി ഏത് സമയം പറഞ്ഞാലും വാദിക്കാന്‍ തയ്യാറാണെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. തുടര്‍ന്നാണ് കോടതി മെയ് ഒന്നിലേക്ക് കേസ് മാറ്റി വെക്കാന്‍ തീരുമാനിച്ചത്. 35 തവണ ലിസ്റ്റ് ചെയ്തശേഷം മാറ്റിവെച്ച കേസാണ് 37-ാം തവണ പരിഗണനയ്ക്കായ് വന്നത്. കേസിന്റെ വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്മാറിയതോടെയാണ് കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്. ഹൈക്കോടതിയില്‍ ഇതേ കേസില്‍ വാദം കേട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിടി രവികുമാര്‍ പിന്മാറിയത്. ജസ്റ്റിസ് സൂര്യകാന്തിന് പുറമെ, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ഉജ്ജല്‍ ഭുവിയാന്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് ജസ്റ്റിസുമാര്‍. 

.

മുഖ്യമന്ത്രി, ഊര്‍ജവകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ, 2017ലെ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. വിചാരണ നേരിടേണ്ട വൈദ്യുതിബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ ഇളവുവേണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികളും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഈ കേസിനായ് സര്‍ക്കാര്‍ ഇതുവരെ ചെലവിട്ട പണം എത്രയാണെന്ന് കണക്കുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍, ആ ചോദ്യം ചോദിക്കാതിരിക്കുന്നതിന്റെ പേരാണ് ജനാധിപത്യം. സാധാരണക്കാരന്റെ നികുതിപ്പണമാണ് വക്കീലന്‍മാര്‍ കൊണ്ടു പോകുന്നതെന്ന് മറന്നുപോകാതിരിക്കാം. 

.

ലാവ്‌ലിന്‍ കേസ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിക്കാന്‍ അര്‍ഹത നേടിയിട്ടുണ്ടോ എന്നതാണ് മറ്റൊരു ചോദ്യം. ഇതിലും കൂടുതല്‍ തവണ മാറ്റിവെയ്ക്കപ്പെട്ട കേസുകള്‍ ഉണ്ടെങ്കില്‍, ലാവ്‌ലിന്‍ കേസ് ഗിന്നസ് ബുക്കില്‍ ഇടംപിടിക്കാന്‍ മലയാളികള്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ആ കടമ്പ കടന്നു കിട്ടിയാല്‍ ലാവ്ലിന്‍ കേസ് തങ്ക ലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെടും. അതുവഴി ലാവ്‌ലിന്‍ കേസും, കേരളവും, അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമെല്ലാം അഭിമാനങ്ങളായി മാറും. 

.

ഇനി, ഈ കേസ് മെയ് ഒന്നിന് സുപ്രീംകോടതി പരിഗണിച്ചാല്‍ അതുമൊരു റെക്കോഡായി മാറും. മാറ്റിവെച്ച് റെക്കോര്‍ഡിട്ട കേസ് 37-ാം തവണ പരിഗണിക്കുന്നു എന്ന റെക്കോര്‍ഡ്. എന്നാല്‍, സി.ബി.ഐക്കു വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജിന് വേറെ ഏതെങ്കിലും കേസുമായി തിരക്കുണ്ടായാല്‍ കോടതിക്ക്, മാറ്റിവെയ്ക്കുകയല്ലാതെ മാര്‍ഗമില്ല. 2017ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 35 തവണയാണ് മാറ്റി വയ്ക്കുന്നത്. 

.

* എന്താണ് ലാവ്‌ലിന്‍ കേസ് ? 

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവ്‌ലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. 2006 മാര്‍ച്ച് ഒന്നിനാണ് എസ്എന്‍സി ലാവലിന്‍ കേസ് സിബിഐക്ക് വിടാന്‍ അന്നത്തെ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. എന്നാല്‍ 2006 ഡിസംബര്‍ 4ന്, ലാവലിന്‍ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് വിഎസ് സര്‍ക്കാര്‍ തീരുമാനിച്ചു. 2007 ജനുവരി 16 ന് കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 2009 ജൂണ്‍ 11 ന് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ഏഴാം പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 2013 നവംബര്‍ 5ന് പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് സിബിഐ പ്രത്യേക കോടതി ഒഴിവാക്കി. 2017 ഓഗസ്റ്റ് 23ന് പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേരെ കേസില്‍ നിന്ന് ഹൈക്കോടതിയും ഒഴിവാക്കി. 2017 ഡിസംബര്‍ 19 ന് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ ഹര്‍ജി നല്‍കി. 2018 ജനുവരി 11 ന് കസ്തൂരി രംഗ അയ്യര്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. 2020 ഓഗസ്റ്റ് 27 മുതല്‍ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിലാണ്. സിബിഐ അഭ്യര്‍ത്ഥനയനുസരിച്ച് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി പലതവണ മാറ്റിവച്ചിരുന്നു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags