ഡ്യൂട്ടി ഡോക്ടറെ കയ്യേറ്റം ചെയ്ത സൈനികന് ഉപാധികളോടെ ജാമ്യം

ഡ്യൂട്ടി ഡോക്ടറെ കയ്യേറ്റം ചെയ്ത സൈനികന് ഉപാധികളോടെ ജാമ്യം
 

തിരുവനന്തപുരം: പാങ്ങോട് സ്വകാര്യ ആശുപത്രിയിലെ അതിക്രമത്തിൽ സൈനികൻ വിമൽ വേണുവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധി വിട്ടു പോകരുതെന്ന ഉപാധിയിലാണ് വിമൽ വേണുവിന് ജാമ്യം ലഭിച്ചത്. നെടുമങ്ങാട് ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡോക്ടറെ കയ്യേറ്റം ചെയ്തെന്നും വനിതാ ജീവനക്കാരെയും പൊലീസുകാരെയും അസഭ്യം വിളിച്ചുവെന്നുമാണ് ഇയാൾക്കെതിരായ കേസ്.  

പൊലീസുകാരെ അസഭ്യം വിളിച്ച സൈനികനെതിരെ തിരുവനന്തപുരം പാങ്ങോട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം പാങ്ങോടുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. കാലിൽ മുറിവുമായെത്തിയ ഇയാളാട് എന്ത് സംഭവിച്ചതാണെന്ന് ചോദിച്ചതിനായിരുന്നു അതിക്രമം നടത്തിയത്. ഭരതന്നൂർ സ്വദേശിയാണ് വിമൽ വേണു.

   
പത്തനംതിട്ടയിൽ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് വിമൽ വേണുവിനെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. അതേസമയം വിമൽ ഡ്യൂട്ടി ഡോക്ടറെ കയ്യേറ്റം ചെയ്യുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ഡ്യൂട്ടി ഡോക്ടറെ കയ്യേറ്റം ചെയ്യുകയും വനിതാജീവനക്കാരെയും പൊലീസിനെയും അസഭ്യം പറയുകയും ചെയ്ത ശേഷം വിമൽ വേണു ഒളിവിൽ പോയിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സൈനികൻ പത്തനംതിട്ടയിൽ നിന്ന് പാങ്ങോട് പൊലീസിന്റെ പിടിയിലായത്.