വന്യ ജീവി ശല്യത്തിന് പരിഹാരം; നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

niyamasabha
 

തിരുവനന്തപുരം:ജനവാസ മേഖലയിലെ വന്യമൃഗശല്യവുമായി ബെന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കോൺഗ്രസ് നേതാവ് സണ്ണി ജോസഫാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വനാതിർത്തികളിൽ അതീവ ഗുരുതര സാഹചര്യമെന്ന് സണ്ണി ജോസഫ് നിയമസഭയിൽ ചൂണ്ടിക്കാട്ടി.

വിഷയത്തിൽ ആറ് ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. 6 മാസം കൊണ്ട് 125 പേർ കാട്ടാന അക്രമണത്തിൽ മരണപ്പെട്ടു. ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിൽ മാത്രം 6 പേരുടെ ജീവൻ നഷ്ടമായി. നടപടികൾ പേരിന് മാത്രമായി ഒതുങ്ങുന്നു. വന്യജീവി ആക്രമണത്തിന് നഷ്ടപരിഹാരം മോട്ടോർ വാഹന ക്ലൈം രീതിയിൽ നടപ്പാക്കണം. പ്രായം, ജോലി എന്നിവ നോക്കി നഷ്ടപരിഹാരം നൽകണം. കൃഷി നശിച്ചവർക്ക് രണ്ടുവർഷമായി നഷ്ട പരിഹാരം നൽകുന്നില്ല. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ കാര്യം ചർച്ച ചെയ്യണം. മുഖ്യമന്ത്രി ധനവന വകുപ്പുകളുടെ യോഗം വിളിക്കണമെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിക്കൊണ്ട് സണ്ണി ജോസഫ് പറഞ്ഞു.

 മനുഷ്യ ജീവന്‍ നഷ്ടപ്പെടന്ന സാഹചര്യം ഗൗരവതരമെന്ന് വനംമന്ത്രി പറഞ്ഞു. വന്യജീവി സംരക്ഷണവും പ്രധാന കടമയാണ്. സോളാര്‍ വേലിയും കിടങ്ങും നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു.17 ഇടങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തുന്നുവെന്ന് മന്ത്രി ശശീന്ദ്രന്‍ മറുപടി നല്‍കി.