സര്‍വര്‍ തകരാര്‍ പരിഹരിക്കും വരെ റേഷന്‍ വിതരണത്തിന് പ്രത്യേക സംവിധാനം: ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

g r anil

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം സുഗമമായി നടക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. എന്നാല്‍ ചിലര്‍ കടകള്‍ അടച്ചിട്ട് അസൗകര്യം ഉണ്ടാക്കുകയാണെന്നും മന്ത്രി പറഞ്ഞു. അരി വിതരണത്തിന് ഒരു തടസവും ഉണ്ടാകില്ലെന്നും സര്‍വര്‍ തകരാര്‍ പരിഹരിക്കും വരെ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. 

ഏഴ് ജില്ലകളില്‍ റേഷന്‍ വിതരണം ഉച്ചവരെ നടത്തും. ബാക്കി ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം നടത്തും. ഇന്ന് ഉച്ചകഴിഞ്ഞ് എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, ഇടുക്കി, കാസര്‍കോട് എന്നീ ജില്ലകളില്‍ റേഷന്‍ വിതരണം നടത്തും. നാളെ രാവിലെ മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളില്‍ വിതരണം നടത്തും. 

സംസ്ഥാനത്ത് അഞ്ചു ദിവസമായി റേഷന്‍ വിതരണം മുടങ്ങിയ അവസ്ഥയിലാണ്. ഇന്ന് രാവിലെ എട്ടരയോടെ റേഷന്‍ കടകള്‍ തുറന്നപ്പോള്‍ ഒരു മണിക്കൂറിലേറെ ഇ പോസ് സംവിധാനം പ്രവര്‍ത്തിച്ചു. എന്നാല്‍ 9.45ഓടെ വീണ്ടും തകരാറിലായി. സ്റ്റേറ്റ് ഡേറ്റ സെന്ററിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നാണ ഭക്ഷ്യവകുപ്പ് ഇന്നലെ വിശദീകരിച്ചത്.

ഐടി വകുപ്പിനാണ് സെന്ററിൻ്റെ ചുമതല. വെള്ളിയാഴ്ച മുതലാണ് ഇപോസ് സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം സംഭവിച്ച തകരാര്‍ ഏറെയും നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിൻ്റെ  (എന്‍ഐസി) ഹൈദരാബാദിലെ സര്‍വറിലെ പ്രശ്‌നങ്ങളായിരുന്നു. എന്നാല്‍, ഇപ്പോള്‍ കേരളത്തിൻ്റെ  കീഴില്‍ വരുന്ന നെറ്റ്‌വർക്ക് സംവിധാനത്തിലാണു തകരാര്‍.

സംസ്ഥാനത്തെ 92 ലക്ഷം കാർഡ് ഉടമകളിൽ 13 ലക്ഷം പേർക്ക് മാത്രമാണ് ഈ മാസം ഇതുവരെ റേഷൻ വിതരണം ചെയ്തത്. സ്റ്റേറ്റ് ഡാറ്റാ സെന്‍ററിലെ തകരാറാണ്  വിതരണത്തിന് തടസ്സമാകുന്നത്. വർഷങ്ങളായുള്ള ഈ സാങ്കേതിക പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്ന് വ്യാപാരികൾ പലതവണ ആവശ്യപ്പെട്ടു. പക്ഷേ കാര്യമായ ഇടപെടൽ ഭക്ഷ്യവകുപ്പി‌ൽ നിന്ന് ഉണ്ടായില്ല.