ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിങ്ങ് സംവിധാനം സജീവമായി

sabarimala
 

ശബരിമല: ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിങ്ങ് സംവിധാനം സജീവമായി. ഇതോടെ സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇതരസംസ്ഥാനത്ത് നിന്നുള്ള തീർത്ഥാടകരേക്കാൾ കൂടുതൽ മലയാളികൾ ദ‍ർശനത്തിനെത്തി. 

പുലർച്ചെ നട തുറന്ന ശേഷമുള്ള ആദ്യ  ഏഴ് മണിക്കൂറിലും പതിനെട്ടാം പടി ഒഴിയാതെ ആളുകയറി. ഫ്ലൈഓവറും നിറഞ്ഞു കവിഞ്ഞു. വിവിധ സ്പോട്ട് ബുക്കിങ്ങ് കേന്ദ്രങ്ങളിലും വലിയ തിരക്കാണ്. സ്പോട്ട് ബുക്കിങ്ങിനെത്തുന്ന മുഴുവൻ ആളുകൾക്കും നിലവിൽ ദ‍ശനത്തിന് അനുമതി നൽകുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം സന്നിധാനത്ത് കാര്യമായ  തിരക്കില്ല.

കൂടുതൽ ആളുകൾ ദർശനത്തിനെത്തുന്നതോടെ പരമ്പരാഗത  പാത തുറക്കാനുള്ള ക്രമീകരണങ്ങളും തുടങ്ങി. പലർച്ചെ 2.30 മുതലാണ് പമ്പ ഗണപതി അമ്പലത്തിനടുത്തുള്ള കെട്ട് നിറ മണ്ഡപത്തിൽ ഇരുമുടി നിറയ്ക്കാനുള്ള സൗകര്യം. വൈകീട്ട് ആറരക്ക് ശേഷം പമ്പയിൽ നിന്ന് തീർത്ഥാടകരെ സന്നിധാനത്തേക്ക് വിടില്ല.