
കൊച്ചി: പാലക്കാട് എ ശ്രീനിവാസൻ വധക്കേസിലെ മുഖ്യപ്രതി കെ വി സഹീറിൻ്റെ എൻ ഐ എ കസ്റ്റഡി കാലാവധി മൂന്ന് ദിവസം കൂടി നീട്ടി. മെയ് 17 മുതൽ സഹീർ എൻ ഐ ഐ കസ്റ്റഡിയിലാണ്. ഒരാഴ്ച്ചത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. തുടർന്ന് വീണ്ടും മൂന്ന് ദിവസത്തെ കൂടി കസ്റ്റഡി കാലാവധി എൻ ഐ എ ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞയാഴ്ച അറസ്റ്റിലായ പാലക്കാട് എ ശ്രീനിവാസൻ വധക്കേസലെ മുഖ്യപ്രതി സഹീറിനെ വിശദമായി ചോദ്യം ചെയ്ത എൻഐഎ സംഘത്തിന് കൊലപാതക ആസൂത്രണവും, കൃത്യവും സംബന്ധിച്ച നിർണായക മൊഴികളാണ് ലഭിച്ചിരിക്കുന്നത്. പിഎഫ്ഐയുടെ പട്ടാമ്പി മുൻ ഏരിയ പ്രസിഡൻ്റായിരുന്ന സഹീർ എ ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന് മുമ്പ് നടത്തിയ ഗൂഢാലോചനകളിലും, പിന്നീട് കൃത്യത്തിലും നേരിട്ട് പങ്കെടുത്തിരുന്നു.
പ്രദേശിക നേതാക്കൾക്കുമാത്രമല്ല, സംസ്ഥാന നേതാക്കളുടെ കൂടി അറിവോടെയും നിർദ്ദേശമനുസരിച്ചായിരുന്നു കൊലപാതകമെന്നും ആസൂത്രണത്തിലും കൃത്യത്തിലും പ്രധാന ഭീകര സംഘടനാ നേതാക്കൾ ഒരു പോലെ പങ്കാളികളായിരുന്നതായുമാണ് സഹീർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. തുടർന്നാണ് വിശദമായ ചോദ്യം ചെയ്യലിന് എൻഐ എ കസ്റ്റഡി നീട്ടി ചോദിച്ചത്. 2022 ഏപ്രിൽ 16 മുതൽ സഹീർ ഒളിവിലായിരുന്നു.
പാലക്കാട് പട്ടാമ്പി സ്വദേശിയാണ് സഹീർ. ഗൂഢാലോചനയിലും, കൃത്യത്തിലും പങ്കാളിയായിരുന്നു സഹീർ. ഏപ്രിൽ 16 നാണ് ആർ എസ് എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികള്‍ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.
പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. അന്ന് രാത്രി മോർച്ചറിക്ക് പിറകിലെ ഗ്രൗണ്ടിൽ വച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തി. 16 ന് പകൽ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറ് പേർ മേലാമുറിയിലെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടർന്ന് മൂന്ന് പേർ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്.