×

സംസ്ഥാന സ്കൂൾ കലോത്സവം: മൂന്നാംദിനവും കണ്ണൂർ ഒന്നാം സ്ഥാനം നിലനിർത്തി; തൊട്ടുപിന്നിൽ കോഴിക്കോടും പാലക്കാടും

google news
Db

കൊല്ലം: 62-ാമത് സ്കൂൾ കലോത്സവത്തിൽ കലാകിരീടത്തിനായുള്ള പോരാട്ടത്തിൽ കണ്ണൂരിന് വെല്ലുവിളിയുമായി കോഴിക്കോടും പാലക്കാടും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 മത്സരയിനങ്ങളിൽ 174 മത്സരങ്ങൾ പൂർത്തിയായപ്പോൾ 674 പോയിന്‍റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 663 പോയിന്‍റ് വീതം നേടിയ കോഴിക്കോടും പാലക്കാടും രണ്ടാം സ്ഥാനത്തുണ്ട്. 646 പോയിന്‍റുമായി തൃശൂർ മൂന്നാമതും 638 പോയിന്‍റുമായി ആതിഥേയരായ കൊല്ലം നാലാമതുമാണ്.

   

മലപ്പുറം- 633, എറണാകുളം- 625, തിരുവനന്തപുരം- 602, ആലപ്പുഴ- 595, കാസർഗോഡ്- 587, കോട്ടയം- 581, വയനാട്- 555, പത്തനംതിട്ട- 519, ഇടുക്കി- 501 എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയിന്‍റ് നില. പോയിന്‍റ് നില സൂചിപ്പിക്കുന്നതുപോലെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കലാകിരീടത്തിനായി നടക്കുന്ന്. രണ്ടു ദിവസം ശേഷിക്കെ കലോത്സവത്തിൽ ഇനി 65 മത്സരയിനങ്ങളാണ് ബാക്കിയുള്ളത്.
        
ആദ്യ മൂന്ന് ദിവസങ്ങളിലും ഒന്നാം സ്ഥാനം നിലനിർത്താണ് കണ്ണൂരിന് സാധിച്ചു. ആദ്യദിനം കുറച്ചുസമയം നിലവിലെ ജേതാക്കളായ കോഴിക്കോട് ഒന്നാമതെത്തിയിരുന്നു.ഹൈസ്കൂൾ വിഭാഗത്തിൽ 325 പോയിന്‍റുമായി കണ്ണൂർ ഒന്നാമതാണ്. 321 പോയിന്‍റോടെ പാലക്കാട് രണ്ടാമതും 319 പോയിന്‍റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്. ഹയർസെക്കൻഡറി വിഭാഗത്തിൽ 349 പോയിന്‍റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 344 പോയിന്‍റോടെ കോഴിക്കോട് രണ്ടാമതും 342 പോയിന്‍റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്.
    
ഹൈസ്കൂൾ വിഭാഗം അറബി കലോത്സവത്തിൽ 80 പോയിന്‍റ് വീതമുള്ള കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് ഒന്നാമത്. പാലക്കാട്, കാസർഗോഡ് ജില്ലകൾക്ക് 78 പോയിന്‍റ് വീതമുണ്ട്. ഹൈസ്കൂൾ സംസ്കൃത കലോത്സവത്തിൽ 75 പോയിന്‍റ് വീതം നേടിയിട്ടുള്ള പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകൾ മുന്നിട്ട് നിൽക്കുന്നു.
 
സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ 171 പോയിന്‍റ് നേടി ഒന്നാമതാണ്. തിരുവനന്തപുരം വഴുതക്കാട് കാർമേൽ എച്ച്എസ്എസ് 87 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്. 74 പോയിന്‍റുള്ള പത്തനംതിട്ട കിടങ്ങന്നൂർ എസ് ജി വി എച്ച് എസ് എസ് ആണ് മൂന്നാമത്.
 
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു