കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം; കുട്ടികൾ ഉൾപ്പെടെ മൂന്നു പേർക്ക് കടിയേറ്റു

street dog
 


കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കോഴിക്കോട് അരക്കിണറിൽ മൂന്നുപേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇതിൽ രണ്ടുപേർ കുട്ടികളാണ്.

അരക്കിണർ സ്കൂളിന് പരിസരത്തായിരുന്നു സംഭവം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
ഒരേ നായ തന്നെയാണ് മൂന്ന് പേരെയും കടിച്ചതെന്ന് കടിയേറ്റ കുട്ടികളിലൊരാളുടെ പിതാവ് പറഞ്ഞു. നായകളുടെ ശല്യം മൂലം പുറത്തിറങ്ങാനാവാത്ത അവസ്ഥയാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഇന്നു രാവിലെ കോഴിക്കോട് വിലങ്ങാട് ആറാം ക്ലാസ് വിദ്യാര്‍ഥിയേയും തെരുവുനായ കടിച്ചിരുന്നു. മലയങ്ങാട് സ്വദേശി അങ്ങാടിപ്പറമ്പില്‍ ജയന്റെ മകന്‍ ജയസൂര്യനാണ് കടിയേറ്റത്. രാവിലെ 11ഓടെ സഹോദരനൊപ്പം കടയില് നിന്ന് സാധനം വാങ്ങി മടങ്ങവെ വിലങ്ങാട് പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു സംഭവം.

കാലിന് പരിക്കേറ്റ കുട്ടി നാദാപുരം ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. തുടർന്ന് വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.  


കണ്ണൂര്‍ ജേര്‍ണലിസ്റ്റ് കോളനിയില്‍ താമസിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ബിജെപി ദേശീയ കൗണ്‍സില്‍ അംഗവുമായ എ. ദാമോദരനെ തെരുവുനായ ആക്രമിച്ചു. അദ്ദേഹം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. അട്ടപ്പാടി സ്വര്‍ണപ്പെരുവൂരിലെ മൂന്നര വയസുകാരന്‍ ആകാശിന് മുഖത്ത് കടിയേറ്റു. കുട്ടിയെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.