ലഹരി വസ്തുക്കളുടെ ദുരുപയോഗത്തിനെതിരെ ശക്തമായ ബോധവല്‍ക്കരണം നടത്തും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

mvg
 

തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ നൂറുദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ലഹരി വിമോചന ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ലഹരി വസ്തുക്കളുടെ ദുരുപയോഗം നാടിന്റെ സാമൂഹിക സുസ്ഥിതിയും പൊതുജനാരോഗ്യത്തെയും ബാധിക്കുന്ന വിപത്താണെന്നും ഇതിനെതിരെ സര്‍ക്കാരും എക്‌സൈസ് വകുപ്പും വിമുക്തിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ലഹരിക്ക് അടിമപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ ചികിത്സാ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം,  എറണാകുളം,  കോഴിക്കോട് എന്നീ ജില്ലകളിലായി സംസ്ഥാനത്ത് മൂന്നു മേഖലകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഡി-അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കുകയാണ്. അതില്‍ തിരുവനന്തപുരം ജില്ലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സജ്ജീകരിച്ച പ്രത്യേക സെന്റര്‍ ആണ് നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.  

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി 10 കിടക്കകള്‍ ഉള്‍ക്കൊള്ളുന്ന സൗകര്യങ്ങളാണ് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. എക്‌സൈസ് വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും പങ്കാളിത്തത്തോടെയാണ് ജനറല്‍ ആശുപത്രിയില്‍ ലഹരി വിമോചന കേന്ദ്രം ആരംഭിച്ചത്.

സി.കെ ഹരീന്ദ്രന്‍ എം എല്‍ എ, കെ ആന്‍സലന്‍ എം എല്‍ എ, എക്‌സൈസ് കമ്മീഷണര്‍ എസ്.  ആനന്ദകൃഷ്ണന്‍,  ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ആര്‍. ഗോപകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.