തമിഴ്നാട്ടിൽ പത്താം തരം പാസായ കുട്ടികൾക്ക് കേരളത്തിൽ പ്ലസ് വൺ അലോട്മെന്റിൽ പങ്കെടുക്കാം; വിദ്യാഭ്യാസ വകുപ്പ്

yr

തിരുവനന്തപുരം; തമിഴ്നാട്ടിൽ പത്താം തരം പ്രമോഷൻ ലഭിച്ച് കേരളത്തിൽ പ്ലസ് വൺ അലോട്മെന്റിൽ പങ്കെടുക്കാൻ കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് ആശ്വാസമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇവർക്ക് പ്ലസ് വൺ അലോട്മെന്റിൽ ഉൾപ്പെടാൻ അവസരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ തമിഴ്നാട് സർക്കാർ പത്താം ക്ലാസ് പൊതു പരീക്ഷ ഒഴിവാക്കിയിരുന്നു.

എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റിൽ ഗ്രേഡോ മാർക്കോ ഇല്ലാതെ പത്താം ക്ലാസ് പരീക്ഷ പാസ്സായ സർട്ടിഫിക്കറ്റ് നൽകുകയാണുണ്ടായത്. കേരളത്തിൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് പത്താം ക്ലാസിലെ പൊതുപരീക്ഷയിൽ വിദ്യാർത്ഥി കരസ്ഥമാക്കിയ ഗ്രേഡ് / മാർക്ക് അടിസ്ഥാനമാക്കിയാണ്. അതിനാൽ തമിഴ്നാട്ടിൽ പത്താംതരം പാസായ വിദ്യാർഥികളെ ഹയർസെക്കൻഡറി പ്രവേശനത്തിന് പരിഗണിക്കാൻ സാധിച്ചില്ല. തങ്ങളെ പ്ലസ് വൺ പ്രവേശനത്തിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ സമീപിച്ചിരുന്നു. വിഷയം പരിശോധിക്കാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദ്ദേശിച്ചു. തുടർന്നാണ് ഇവരെ ഉൾപ്പെടുത്താൻ തീരുമാനിക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തത്.